താന്‍ കുഴിച്ച കുഴിയില്‍…! ദിലീപ് കാണിച്ചത് അതിബുദ്ധി; തെളിവുകൾ നിരത്തിയതോടെ മറുപടിയുണ്ടായില്ല; കുടുങ്ങിയതോടെ പോലീസിന് മുന്നിൽ കൈകൂപ്പി

dileep_arrest_120717

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചന തെളിയിക്കാൻ പോലീസിന് സഹായമായത് പ്രതി ദിലീപ് തന്നെ കാണിച്ച അതിബുദ്ധി. അന്വേഷണം തന്നിലേക്ക് വരാതിരിക്കാൻ ദിലീപ് ചെയ്ത കാര്യങ്ങളെല്ലാം നടന് തിരിച്ചടിയായി. ദിലീപ് വരുത്തിയ പിഴവുകൾ അന്വേഷണത്തിൽ പോലീസിന് സഹായമാവുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകിയത് തന്നെ സ്വന്തം കുഴിതോണ്ടലായി. ഒരു തരത്തിലുള്ള വ്യക്തതയും പരാതിയിലുണ്ടായിരുന്നില്ല. തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടുന്നുവെന്നല്ലാതെ ആര്, എവിടെ വച്ച്, എങ്ങനെ പണം ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ ഇല്ലായിരുന്നു. ഇക്കാര്യം പോലീസ് ആരാഞ്ഞപ്പോഴും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായില്ല.

പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പോലീസിനോട് ആദ്യ ചോദ്യം ചെയ്യലിൽ പറഞ്ഞു. പിന്നീട് ഈ നിലപാടിൽ ദിലീപ് ഉറച്ചു നിന്നു. സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ പോലീസ് നിരത്തിയതോടെ താരം സമ്മർദ്ദത്തിലായി.

ആദ്യ ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടപ്പോഴും ഒരു തരത്തിലുള്ള പ്രതിഷേധ സ്വരവും ദിലീപ് പ്രകടിപ്പിച്ചില്ല. കേസിൽ പങ്കില്ലാത്ത ഒരാൾ അത്രമാത്രം സമയം പ്രതിഷേധിക്കാതെ ഇരിക്കില്ലെന്ന പോലീസ് നിഗമനം അന്വേഷണ സംഘത്തിന് ഗുണമായി. ആദ്യ ചോദ്യം ചെയ്യലിൽ ദിലീപ് പറഞ്ഞ പല മൊഴികളിലും ഒരുപാട് വൈരുദ്ധ്യം കണ്ടതും പോലീസിന്‍റെ സംശയം ബലപ്പെടുത്തി.

പിന്നീട് മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകൾ പോലീസിന് ലഭിച്ചു. സുനിയെ കസ്റ്റഡിയിൽ കിട്ടയ ശേഷം പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ ചിത്രം വ്യക്തമാവുകയായിരുന്നു. രണ്ടാമത് ദിലീപിനെ വിളിച്ചുവരുത്തിയപ്പോൾ തെളിവുകൾ നിരത്തിയതോടെ നടന് മറുപടിയുണ്ടായില്ല. ചോദ്യം ചെയ്യൽ അവസാനിച്ചതിന് പിന്നാലെ ദിലീപ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കൈകൂപ്പി രക്ഷിക്കണം എന്ന് അപേക്ഷിക്കുകയായിരുന്നു.

Related posts