കൊച്ചി: ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നിന്റെ പേര് “വെൽക്കം ടു സെൻട്രൽ ജയിൽ’ എന്നായിരുന്നു. “ജൂലൈ നാല് ’എന്നതായിരുന്നു ദിലീപ് അഭിനയിച്ച മറ്റൊരു ചിത്രം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജൂലൈയിൽ അറസ്റ്റിലായി ജയിലിലാകുന്പോൾ സിനിമകളുടെ പേര് അറംപറ്റിയതു പോലായി.ആലുവ സ്വദേശിയായ ഗോപാലകൃഷ്ണൻ സിനിമയിലെത്തിയപ്പോഴാണ് ദിലീപായത്. പിന്നെയുണ്ടായ വളർച്ച ആരെയും അന്പരപ്പിക്കുന്നതായിരുന്നു.
കലാഭവനിലെ മിമിക്രി വേദികളിലൂടെയായിരുന്നു കലാരംഗത്തെ തുടക്കം. പിന്നീടു കമലിന്റെ സംവിധാന സഹായിയായി സിനിമാരംഗത്തെത്തി. അഭിനയമോഹം കലശലായുണ്ടായിരുന്ന ഗോപാലകൃഷ്ണൻ, ചെറിയവേഷങ്ങളിലൂടെ വന്നു പെട്ടെന്നുതന്നെ മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തി. കമലിന്റെ “എന്നോട് ഇഷ്ടം കൂടാമോ’ ആയിരുന്നു ആദ്യ ചിത്രം. സുന്ദർദാസിന്റെ സല്ലാപത്തിലൂടെ നായകനിരയിലേക്ക് ഉയർന്നു.
ദിലീപ ്എന്ന നടന്റെ സ്വപ്നതുല്യമായ ജൈത്രയാത്രയ്ക്കാണു പിന്നീടു മലയാള സിനിമ സാക്ഷ്യം വഹിച്ചത്. സിനിമകൾ ഒന്നൊന്നായി സൂപ്പർഹിറ്റായതോടെ ഒരു മലയാളനടനും അവകാശപ്പെടാനാവാത്ത വേഗത്തിൽ ദിലീപ് സൂപ്പർതാരപദവിയിൽ കുതിച്ചെത്തി. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം താരമൂല്യം നേടിയ ദിലീപിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കോമഡിയായിരുന്നു ഈ നടന്റെ പ്രധാന ആയുധം.
എണ്ണമറ്റ കോമഡി വേഷങ്ങളിലൂടെ സാധാരണക്കാരായ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടം പിടിച്ചെടുത്ത ദിലീപ് ജനപ്രിയനായകനായി വാഴ്ത്തപ്പെട്ടു. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മായാമോ ഹിനി തുടങ്ങിയ സിനിമകളിലെ വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ മാത്രമല്ല, സിനിമാലോകത്തെയാകെ അന്പരപ്പിച്ചുദിലീപ്.
അഭിനയത്തിൽ മാത്രമൊതുങ്ങാതെ നിർമാതാവെന്ന നിലയിൽ മലയാള സിനിമയെ നയിക്കുന്നതിലേക്കുവരെ ദിലീപ് വളർന്നു. അമ്മ എന്ന താരസംഘടന മലയാളത്തിലെ മുഴുവൻ നടീനടന്മാരെയും അണിനിരത്തി നിർമിച്ച ബിഗ്ബജറ്റ് ചിത്രമായ ട്വന്റി ട്വന്റി നിർമിച്ചതും ദിലീപ് ആയിരുന്നു. അമ്മയുടെ ട്രഷറർ ആണു ദിലീപ്. കഴിഞ്ഞ വർഷം അവസാനം തിയറ്റർ ഉടമകളുടെ സമരം, ബദൽ സംഘടനയുണ്ടാക്കി പൊളിച്ചതോടെ ദിലീപിന്റെ കരുത്ത് എത്രയെന്നു സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ കണ്ടറിഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ ദിലീപിനെതിരേ ആക്ഷേപങ്ങൾ ഉയരുകയും പന്ത്രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു വിധേയനാവുകയും ചെയ്തിട്ടും സിനിമയ്ക്കുള്ളിൽനിന്ന് ഈ നടനെതിരായി കാര്യമായ പ്രതികരണങ്ങൾ ഉയരാതിരുന്നത് ഈ നടന്റെ താരമൂല്യം കൊണ്ടുതന്നെയായിരുന്നു.മെഗാസ്റ്റാറുകളുടെ പ്രൗഢിയോടെ മലയാളസിനിമയിൽ വിലസുന്പോഴാണു ദിലീപിന്റെ കൈകളിൽ കൈയാമം വീണിരിക്കുന്നത്. ഇതൊരു വൻവീഴ്ചയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെതന്നെ കറുത്ത ഏടും.
കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നശേഷം പുറത്തിറങ്ങിയ ജോർജേട്ടൻസ് പൂരം പരാജയപ്പെട്ടിരുന്നു. ദിലീപ് നായകനായ രാമലീല എന്ന ബിഗ് ബജറ്റ് ചിത്രം റിലീസി ംഗിനൊരുങ്ങിനിൽക്കെയാണ് അറസ്റ്റ്. കേസന്വേഷണം മുറുകിയതോടെ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. സല്ലാപം എന്ന ചിത്രത്തിൽ തന്റെ നായിക ആയി അഭിനയിച്ച മഞ്ജു വാര്യർ പിന്നീട് ജീവിതസഖിയായതും പിരിഞ്ഞതും കൂടുതൽ തവണ തന്റെ നായികയായ കാവ്യാമാധവനെ രണ്ടാം ഭാര്യയാക്കിയതും ദിലീപിന്റെ അഭ്രപാളികൾക്കപ്പു റമുള്ള ജീവിതചരിത്രമാണ്.
ഫെബ്രുവരി 17
തൃശൂരിൽനിന്നു നടി മഹീന്ദ്ര എക്സ്യുവി കാറിൽ എറണാകുളത്തേക്ക് തിരിക്കുന്നു. കൊരട്ടി സ്വദേശി മാർട്ടിനാണ് കാർ ഓടിച്ചിരുന്നത്.രാത്രി 8.30 ഓടെ നടിയുടെ കാർ ആലുവ അത്താണിയിൽ എത്തിയപ്പോൾ ഒരു ടെന്പോ ട്രാവലർ കാറിനു പിന്നിൽ ഇടിക്കുന്നു.
തർക്കത്തിനിടെ പൾസർ സുനിയും മണികണ്ഠനും കാറിലേക്ക് അതിക്രമിച്ചു കയറുന്നു.കാറിൽവച്ച് സുനി നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു.
പ്രതികൾ കാറിൽ നടിക്കൊപ്പം നഗരത്തിലൂടെ സഞ്ചരിച്ചശേഷം രാത്രി 12 ഓടെ കാക്കനാടിനു സമീപം പടമുകളിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുന്നു.
നടി ഡ്രൈവർ മാർട്ടിനൊപ്പം വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടിൽ അഭയം തേടി.പി.ടി.തോമസ് എംഎൽഎ ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ച് അറിയിക്കുന്നു.എറണാകുളം റേഞ്ച് ഐജി പി.വിജയൻ നടിയിൽ നിന്ന് വിവരങ്ങൾ മനസിലാക്കി.മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് ഡ്രൈവർ മാർട്ടിനെ ചോദ്യം ചെയ്തു.ഇതോടെ ഇയാൾ കുറ്റസമ്മതം നടത്തി.
ഫെബ്രുവരി 18
നടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. പ്രതികൾ സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലർ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടി കളമശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി. നടിയുടെ മൊഴിയിൽ പ്രതികൾക്കെതിരെ കേസെടുത്തു. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം
ഫെബ്രുവരി 19
കോയന്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്ന് ആക്രമി സംഘത്തിലുണ്ടായിരുന്ന വടിവാൾ സലീം, പ്രദീപ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി വിളിച്ചിട്ടാണ് തങ്ങൾ വന്നതെന്ന് സലീമും പ്രദീപും മൊഴി നൽകി. ആറുപേർക്ക് മാത്രമെ കേസിൽ നേരിട്ട് ബന്ധമുള്ളൂവെന്ന് പോലീസ് സ്ഥിരീകരണം.സംഭവത്തിന്റെ ആസൂത്രകനായ പൾസർ സുനി, മണികണ്ഠൻ, ബിജീഷ് എന്നിവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി.
ഡ്രൈവർ മാർട്ടിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.പ്രതികൾ സഞ്ചരിച്ച വാഹനം ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. ആലുവ ഗസ്റ്റ് ഹൗസിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നു.
ഫെബ്രുവരി 20
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി, വി.പി. വിജിഷ്, മണികണ്ഠൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച അന്പലപ്പുഴ കാക്കാഴം സ്വദേശി അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തു.
പ്രതികളിൽ ഒരാളായ മണികണ്ഠനെ രാത്രി പാലക്കാട്ടുനിന്നു പിടികൂടി.
നടി അഭയം തേടിയെത്തിയ സംവിധായകൻ ലാലിന്റെ മൊഴി രേഖപ്പെടുത്തി.
ഫെബ്രുവരി 21
പൾസർ സുനിയുടെ ഫോണ് പരിശോധിച്ചു.പൾസർ സുനിയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്തു.
ഫെബ്രുവരി 22
പ്രതി മണികണ്ഠനെ സംഭവസ്ഥലങ്ങളിലൂടെ കൊണ്ടുപോയി തെളിവെടുത്തുപൾസർ സുനിക്കും സഹായി വി.പി. വിജീഷിനും വേണ്ടി കോയന്പത്തൂരിൽ അന്വേഷണം.
മാർട്ടിനെ പരിചയപ്പെടുത്തിയത് പൾസർ സുനിയെന്നു പ്രൊഡക്ഷൻ കണ്ട്രോളർമനോജ് കാരന്തൂരിന്റെ മൊഴി.പൾസർ സുനിയും വിജീഷും കോടതിയിൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം.
ഫെബ്രുവരി 23
രാവിലെ മുതൽ പ്രതികളുടെ അഭിഭാഷകന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നു.ഒരു മണിയോടെ എറണാകുളത്തപ്പൻ ഗ്രൗണ്ടിനു പിന്നിൽ പ്രതികൾ പൾസർ ബൈക്കിൽ എത്തി.
1.20 ഓടെ പ്രതികൾ കീഴടങ്ങാനായി കോടതിമുറിയിൽ.1.30 ഓടെ കോടതിയിൽ നിന്നു പുറത്തെത്തിച്ച പ്രതികളെ പോലീസ് വലിച്ചിറക്കി വാഹനത്തിൽ കയറ്റി.പ്രതികളെ ആലുവ പോലീസ് ക്ലബിൽ എത്തിച്ചു.
ഫെബ്രുവരി 24
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണിനായി *എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയിൽ തെരച്ചിൽ നടത്തുന്നു.
വ്യാജ പ്രചാരണത്തിനെതിരേ നടൻ ദിലീപ് ഡിജിപിക്കു പരാതി നൽകുന്നു.
ഫെബ്രുവരി 25
സംഭവത്തിനു പിന്നിൽ ഗുഢാലോചനയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.തിരിച്ചറിയൽ പരേഡിൽ നടി പ്രതികളെ തിരിച്ചറിയുന്നു. മാർച്ച് എട്ടുവരെ സുനിയെയും വിജീഷിനെയും കസ്റ്റഡിയിൽ വിടുന്നു.
ഫെബ്രുവരി 26
കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി. സംഭവശേഷം സുനി പോയ കോയന്പത്തൂരിൽനിന്നു പ്രതികളുടെ മൊബൈൽ ഫോണും മറ്റും കണ്ടെടുക്കുന്നു.
ഫെബ്രുവരി 27
നിർണായക ദൃശ്യങ്ങൾ അടങ്ങിയ ഫോണ് കണ്ടെത്താൻ പോലീസിനു സാധിച്ചില്ല.വിജീഷിന്റെ സുഹൃത്ത് കസ്റ്റഡിയിൽ.
ഫെബ്രുവരി 28
സുനിയുടെ മൊഴിയിൽ കൊച്ചിക്കായലിൽ മൊബൈലിനായി തെരച്ചിൽ.
മാർച്ച് നാല്
ഫോണിലെ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്കു മാറ്റിയതായി സുനി മൊഴി നൽകുന്നു.ഫോണ് അഭിഭാഷകനെ ഏൽപ്പിച്ചെന്നും സുനി.
മാർച്ച് 19
സുനിയുമായി അടുപ്പമുള്ള ഷൈനി അറസ്റ്റിൽ
ജൂണ് 24
സുനിയുടെ സുഹൃത്ത് വിഷ്ണു പണം ആവശ്യപ്പെട്ടു വിളിച്ചതായി ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും പരാതി നൽകിയ വിവരം പുറത്തു വരുന്നു.
ജയിലിൽനിന്നു ദിലീപിനെ ഭീഷണിപ്പെടുത്തി ഏഴുതിയ കത്ത് പുറത്ത്.
ജൂണ് 26
നാദിർഷയെ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ പൾസർ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞ വിഷ്ണു അറസ്റ്റിൽ.
ജൂണ് 27
അനാവശ്യമായ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ഇരയായ നടി.
അനാവശ്യ പരാമർശങ്ങൾ പാടില്ലെന്നു വിമെൻ ഇൻ സിനിമ കളക്ടീവ്.
ജൂണ് 28
ദിലീപിന്റെയും നാദിർഷയുടെയും മൊഴി ആലുവ പോലീസ് ക്ലബിൽ രേഖപ്പെടുത്തുന്നു.
മൊഴിയെടുക്കൽ നീണ്ടത് പന്ത്രണ്ടര മണിക്കൂർ.
കൊച്ചിയിൽ നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനു പങ്കെടുക്കാനായില്ല.
നടി ആക്രമിക്കപ്പെട്ട സംഭവം അമ്മ എക്സിക്യൂട്ടീവിൽ ചർച്ചയായെന്നു ഭാരവാഹികൾ.
ജൂണ് 29
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു യോഗത്തിൽ ആരും ഒന്നും ഉന്നയിച്ചില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.
മാധ്യമങ്ങളോടു മുകേഷും ഗണേഷ്കുമാറും തട്ടിക്കയറുന്നു.
നടിയെപ്പറ്റി മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നു ദിലീപ്
ആക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ മക്കളാണെന്നും ഒരുപോലെയാണെന്നും അമ്മ.
ജൂലൈ നാല്
സ്രാവുകൾ കുടുങ്ങാനുണ്ടെന്നു സുനി
ജുലൈ ആറ്
സുനി പറഞ്ഞതെല്ലാം ശരിയെന്നു വിഷ്ണുവും കത്ത് ഭീഷണിപ്പെടുത്തി എഴുതിച്ചതെന്നു വിപിൻലാലും.
ജൂലൈ പത്ത്
ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ രാവിലെ വിളിക്കുന്നു. വൈകുന്നേരം ആറരയോടെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു.എട്ടരയോടെ ദിലീപിന്റെ അറസ്റ്റ് ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിക്കുന്നു.
രാമലീല 21നു തിയറ്ററുകളിലെത്തും: ടോമിച്ചൻ മുളകുപ്പാടം
കൊച്ചി: ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രമായ “രാമലീല’യെ നടി ആക്രമിക്കപ്പെട്ട കേസും അതുസംബന്ധിച്ച വിവാദങ്ങളും ഒരുതരത്തിലും ബാധിക്കില്ലെന്നു നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. രാമലീല 21നു തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന രാമലീല 14 കോടി ചെലവിലാണ് ഒരുക്കിയിരിക്കുന്നത്.
ദിലീപിനെതിരായ ആരോപണങ്ങൾ രാമലീല എന്ന ചിത്രത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചുവെന്ന പ്രചാരണം ശരിയല്ല.പുതിയ സാഹചര്യങ്ങളിൽ ദിലീപിന്റെ കരിയറിൽ ഏറെ നിർണായകമാണ് രാമലീല. പുതുമുഖമായ അരുണ് ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ടോമിച്ചൻ പറഞ്ഞു.
നീതികിട്ടുമെന്നു പ്രതീക്ഷിച്ചതായി നടിയുടെ കുടുംബം
തൃശൂർ: കേസിൽ നീതി കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നതായി നടിയുടെ കുടുംബത്തിന്റെ പ്രതികരണം. നേരത്തേ കേസിൽ നടിക്കായി പത്രക്കുറിപ്പ് ഇറക്കിയ സഹോദരന്റെ ഫേസ് ബുക്ക് പേജിലാണ് നടിയുടെ വാക്കുകളായി പ്രതികരണം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൈവത്തിന്റെ സ്പർശമുണ്ടായിരുന്നു എല്ലായിടത്തും. അതുകൊണ്ടുതന്നെ നീതി കിട്ടുമെന്ന് എല്ലാവരും കരുതിയിരുന്നു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെടാൻ പലരും പറഞ്ഞെങ്കിലും കേരള പോലീസിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. അതോടൊപ്പം കേരളത്തിലെ മാധ്യമ പ്രവർത്തകരും ലക്ഷക്കണക്കിനു വരുന്ന ആരാധകരും നൽകിയ പിന്തുണയ്ക്കു പോസ്റ്റിൽ നന്ദിയും പറയുന്നു.മറ്റു പ്രതികരണങ്ങൾക്കൊന്നും നടിയുടെ കുടുംബം തയാറായിട്ടില്ല.
മക്കളോടു മറുപടി പറയാൻ “അമ്മ’ വിഷമിക്കും
കൊച്ചി: താരസംഘടനയിലെ പ്രബല താരം ക്രിമിനൽ കേസിൽ അകത്താകുന്പോൾ, “അമ്മയ്ക്കും മക്കൾ’ക്കും മുന്പിൽ ആശയക്കുഴപ്പങ്ങൾ അനവധി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനു ക്ലീൻ ചിറ്റു നൽകിയുള്ള അമ്മ നേതൃത്വത്തിന്റെ കർശനനിലപാട്, ഇരയ്ക്കൊപ്പം നിന്നില്ലെന്ന പഴി, ജനറൽബോഡി യോഗത്തിനു ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള താരങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം, സൂപ്പർ താരങ്ങളുടെ നിശബ്ദത, നടിമാരുടെ പരാതികൾ ഇതെല്ലാം മക്കളോടും മലയാളികളോടും വിശദീകരിക്കാൻ അമ്മ വിഷമിക്കും.
നടി ആക്രമിക്കപ്പെട്ടപ്പോഴും പ്രധാന പ്രതി സുനിൽകുമാർ പിടിയിലായപ്പോഴും താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സിന്റെ (അമ്മ) ട്രഷറർ കൂടിയായ ദിലീപിന്റെ, കേസുമായ ബന്ധത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം അമ്മയുടെ ഭാരവാഹികൾ ഉൾപ്പെടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.
ജൂണ് 28നു ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചപ്പോഴും ഇരുവരെയും സംഘടന പിന്തുണച്ചു. പിറ്റേന്ന് അമ്മയുടെ പൊതുയോഗത്തിൽ ചില താരങ്ങൾ നടിയെ ആക്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഇരയെ പിന്തുണയ്ക്കാനോ ദിലീപിന്റെ വാദങ്ങളെ തള്ളാനോ നേതൃത്വം തയാറായില്ല.
തുടർന്നു നടന്ന പത്രസമ്മേളനത്തിൽ അമ്മ ഭാരവാഹികളും ജനപ്രതിനിധികളുമായ ഗണേഷ്കുമാർ, മുകേഷ്, ഇന്നസെന്റ് എന്നിവരും ദിലീപിനുവേണ്ടി മാധ്യമപ്രവർത്തകരോടു കയർത്തു. പത്രസമ്മേളനത്തിലെ മര്യാദവിട്ട പ്രകടനത്തിന്റെ പേരിൽ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പു ചോദിച്ചപ്പോഴും ദിലീപിനെ പിന്തുണയ്ക്കാൻ അദ്ദേഹം മറന്നില്ല.
അമ്മയുടെ അവസാനത്തെ പൊതുയോഗത്തിനു ശേഷം പല താരങ്ങളും ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. നടിക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അമ്മയെ കുറ്റപ്പെടുത്തിയവരിൽ സിനിമാമേഖലയിൽ നിന്നുള്ളവർക്കു പുറമേ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു.
നടിക്കുനേരേയുള്ള അക്രമത്തിൽ പ്രതിഷേധിക്കാൻ ഫെബ്രുവരി 19നു കൊച്ചിയിൽ താരങ്ങൾ സംഗമിച്ചപ്പോൾ ദിലീപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. അന്നു ദിലീപ് പറഞ്ഞ കാര്യങ്ങളും അമ്മയുടെ സംഘടനാവഴികളിൽ ദഹനക്കേടായി അവശേഷിക്കും.
ഇന്ത്യൻ സിനിമാമേഖലയിൽ താരങ്ങളുടെ സംഘടന എന്ന ആശയം ആദ്യമായി യാഥാർഥ്യമായത് അമ്മയിലൂടെയാണ്. 460-ഓളം അംഗങ്ങളുള്ള അമ്മ, 2004ലെ സിനിമാതർക്കം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. 2008ൽ ഹിറ്റ് സിനിമയായ “ട്വന്റി ട്വന്റി’, അമ്മയുടെ വിജയവഴികളിൽ സുപ്രധാനമായിരുന്നു. ആ സിനിമയുടെ നിർമാണച്ചുമതല ഏറ്റെടുത്ത താരം ഇന്ന് അഴിക്കുള്ളിലാകുന്പോൾ, പ്രതിരോധത്തിലാവുന്നത് “അമ്മ’യും കൂടിയാണ്.
അറസ്റ്റിലേക്ക് എത്തിയത് ഇങ്ങനെ…
കൊച്ചി: ഏറെ ഊഹാപോഹങ്ങൾക്കുശേഷമാണു നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ടതു മുതൽ ദിലീപിന്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പൾസർ സുനിക്കു ക്വട്ടേഷൻ നൽകിയത് ദിലീപായിരുന്നു എന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ, പോലീസ് ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിരുന്നില്ല.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൾസർ സുനിയെന്ന സുനിൽകുമാറിനെ മുഖ്യപ്രതിയാക്കിയാണു പോലീസ് കുറ്റപത്രം തയാറാക്കി കോടതിയിൽ നൽകിയത്. കേസിലെ ഗൂഢാലോചന തെളിയിക്കാൻ തുടരന്വേഷണം വേണ്ടിവരുമെന്ന് ഈ ഘട്ടത്തിൽ പോലീസ് വ്യക്തമാക്കിയരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്തുന്ന അസ്വാഭാവികതയും ഈ കേസിനുണ്ടായി.
അവസാനിച്ചുവെന്നു കരുതിയ കേസിൽ വഴിത്തിരിവുണ്ടായത് ജൂണ് 24നു പുറത്തു വന്ന പൾസർ സുനിയുടെ കത്താണ്. ജയിലിൽനിന്നു ദിലീപിനു സുനി എഴുതിയതെന്നു പറയപ്പെടുന്ന കത്തിൽ തനിക്ക് കേസ് നടത്താൻ ആവശ്യമായ പണം നൽകണമെന്നും ദിലീപേട്ടനെ കാട്ടിക്കൊടുക്കില്ലെന്നും ഉണ്ടായിരുന്നു.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ജയിലിൽനിന്നു പൾസർ സുനി ഫോണിൽ വിളിച്ച വിവരങ്ങൾ പുറത്തായതു കുരുക്കുകൾ മുറുക്കി.
എട്ടുമിനിറ്റ് വരെ നീണ്ട ഫോണ്കോളുകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഫോൺവിളിയുമായി ബന്ധപ്പെട്ടു സുനിയുടെ സഹതടവുകാരൻ ജിൻസണ് കോടതിയിൽ നല്കിയ രഹസ്യമൊഴി ദിലീപിനെതിരേയുള്ള തെളിവുകൾ ശക്തമാക്കി. കഴിഞ്ഞ മാസം 28നു ദിലീപിനെ പോലീസ് പന്ത്രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്തിരുന്നു. അന്നുതന്നെ അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹവും പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല.
ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചെങ്കിലും ദിലീപിനു ക്ലീൻ ചിറ്റ് നൽകാൻ അന്വേഷണസംഘം തയാറായില്ല. വേണ്ടി വന്നാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അന്നു വ്യക്തമാക്കിയിരുന്നു. കൂടുതൽ തെളിവുകൾക്കു ശേഷം മതി അറസ്റ്റ് എന്ന ഉന്നതതല നിർദേശത്തെത്തുടർന്നാണ് അറസ്റ്റ് ഇതുവരെ നീണ്ടത്.
ദിലീപിനെ ചോദ്യം ചെയ്തശേഷമുള്ള അന്വേഷണത്തിൽ പൾസർ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നന്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇരുവരും ഒരേ ടവറിനു കീഴിൽ പലവട്ടം ഒരുമിച്ചുണ്ടായിരുന്നുവെന്നും തെളിഞ്ഞു.
തൃശൂരിൽ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ സുനിയെ പരിചയമില്ലെന്ന ദിലീപിന്റെ മൊഴി കള്ളമെന്നു വ്യക്തമായി. ഇതു കേസിൽ നിർണായക വഴിത്തിരിവായി.അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരു മാഡത്തിന്റെ പേരും ഉയർന്നു കേട്ടു. അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.
പൾസർ സുനിയെ ജാമ്യത്തിലെടുക്കാൻ നിയമസഹായം തേടിയെത്തിയ ഇയാളുടെ സുഹൃത്തുക്കളാണ് മാഡത്തിന്റെ കാര്യം തന്നോടു പറഞ്ഞതെന്നായിരുന്നു ഫെനി പറഞ്ഞത്.ദിലീപിന്റെ ഭാര്യ കാവ്യാ മാധവനിലേക്കും കാവ്യയുടെ അമ്മയിലേക്കും ഇതോടെ അന്വേഷണം നീണ്ടു. കാവ്യയുടെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും എന്നാൽ പോലീസിനു കാര്യമായ തെളിവുകൾ ലഭിച്ചില്ല.
ഫെനി ബാലകൃഷ്ണനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ദിലീപിനെ ഇന്നലെ രാവിലെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി. ചോദ്യം ചെയ്തതിൽ ആലുവ പോലീസ് ക്ലബിൽ വച്ച് നൽകിയ മൊഴിയുമായി പൊരുത്തക്കേടുകൾ കണ്ടെത്തി.
കഴിഞ്ഞ 28ന് നടന്ന ചോദ്യം ചെയ്യലിനു ശേഷം പോലീസ് ശേഖരിച്ച തെളിവുകളും മൊഴിയിലെ പൊരുത്തക്കേടും കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
“മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവ്’
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായി നടൻ ദിലീപ് അറസ്റ്റിലായതു മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവാണെന്നു സംവിധായകൻ വിനയൻ. പകപോക്കലിൽ അഗ്രഗണ്യനാണു ദിലീപ്. തനിക്ക് ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടികൾ വളരെ മോശമായിരുന്നു. ദിലീപിന്റെ ഈ സ്വഭാവത്തോടുള്ള തന്റെ എതിർപ്പ് ആദ്യം മുതൽക്കേ താൻ പ്രകടിപ്പിച്ചിരുന്നു. നടിക്കു നീതി ലഭിക്കേണ്ടത് ഇത്തരമൊരു ദുരനുഭവം വീണ്ടും ഉണ്ടാവാതിരിക്കാൻ അനിവാര്യമാണെന്നും വിനയൻ പറഞ്ഞു.
സർക്കാർ മുൻവിധിയോടെ കേസിനെ സമീപിച്ചിട്ടില്ല: കോടിയേരി
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തെ സർക്കാർ മുൻവിധികളോടെയല്ല സമീപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ നടന്നത്. ആദ്യ ഘട്ടത്തിൽ ഗൂഢാലോചന സംബന്ധിച്ച് ആക്ഷേപം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആലുവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേസിൽ മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് ആദ്യഘട്ടത്തിലായിരുന്നു. പിന്നീട്, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഗുഢാലോചനയുണ്ടെന്ന ആക്ഷേപം ഉയരുകയായിരുന്നു. വ്യക്തമായ അന്വേഷണം നടത്തിയാണ് ഇപ്പോൾ പോലീസ് പ്രതി ചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരേ തെളിവുണ്ടെങ്കിൽ അവർ രക്ഷപെടില്ലെന്നും കോടിയേരി പറഞ്ഞു.