ആറ്റിങ്ങൽ: മോഷണം, പിടിച്ചുപറി, വധശ്രമം , കഞ്ചാവ് കടത്തൽ ഉൾപ്പെടെ അമ്പതോളം കേസുകളിലെ പ്രതി രണ്ടുകിലോ കഞ്ചാവുമായി ആറ്റിങ്ങൽ പോലീസിന്റെ പിടിയിൽ. വെഞ്ഞാറമൂട് , കോട്ടുകുന്നം ഇടവം പറമ്പിൽ,വൃന്ദാവനത്തിൽ ചന്ദു എന്ന് വിളിക്കുന്ന ദിലീപ് ( 38) ആണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്.
വിവിധ ജയിലുകളിൽ നിന്നും കോടതിയിൽ എത്തിക്കുന്ന വിചാരണ തടവുകാർക്ക് കൈമാറുന്നതിനായി കരുതിയിരുന്ന മൂന്ന് കിലോയിൽ അധികം കഞ്ചാവുമായി ആറ്റിങ്ങൽ കോടതി പരിസരത്ത് നിന്ന് രണ്ട് പേർ കഴിഞ്ഞദിവസം പോലീസ് പിടിയിൽ ആയിരുന്നു. ഇപ്പോൾ പിടിയിൽ ആയ ദിലീപ് ഇടുക്കി വണ്ടിപ്പെരിയാറിൽ പത്ത് കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം പിടിയിൽ ആയിരുന്നു.
ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ചെയ്യുന്നതിനിടയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഇയാൾ ഏഴു കിലോ കഞ്ചാവും കാട്ടുമൃഗങ്ങളുടെ കൊമ്പും , തോലും , വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കുമായി പിടിയിൽ ആയിരുന്നു. ജയിൽ മോചിതൻ ആയി വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിച്ചതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസം ഡയറ്റ് സ്കൂളിനു മുന്നിൽ വച്ചാണിയാൾ പിടിയിലാകുന്നത്. നേരത്തേ ജില്ലയിലും പുറത്തും നടന്ന അനവധി മോഷണക്കേശുകളിലേയും ഹൈവേ റോബറി, ജ്വല്ലറി കവർച്ച ഉൾപ്പെടെ മറ്റ് അനേകം കേസുകളിലെയും പ്രതിയാണ് ദിലീപ്.
ആന്ധ്രപ്രദേശ് ,തമിഴ്നാട് , കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. തമിഴ്നാട്ടിൽ എൻജിനിയറിംഗിനും മറ്റും പഠിക്കുന്ന വിദ്യാർഥികളെ ഉപയോഗിച്ചും ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നു. അത്തരക്കാരെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ പിടിയിൽ ആയതോടെ ലഭ്യമായിട്ടുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ ,ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാർ, എസ്ഐ തൻസിം അബ്ദുൾ സമദ്, ഷാഡോ എസ്ഐസിജു കെ.എൽ. നായർ ,ഷാഡോ എഎസ്ഐ മാരായ ഫിറോസ്, ബിജു ഹക്ക്, ഷാഡോ ടീം അംഗങ്ങളായ ദിലീപ് , ബിജുകുമാർ , റിയാസ് , ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.