കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും നടൻ ദിലീപിനും ഇന്ന് നിര്‍ണായക ദിനം. മെമ്മറി കാര്‍ഡിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നു എന്ന് ആരോപിച്ചാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം നല്കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്. മെമ്മറ കാർഡ് പരിശോധിച്ചത് ആരാണെന്ന് അറിയണമെന്നും അതിലുള്ള തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വരുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അതിജീവിത പറഞ്ഞു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാനാണ് നടിയുടെ ശ്രമം എന്നാണ് ദിലീപിന്റെ വാദം. ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.