കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രോസിക്യൂഷന് തനിക്കെതിരേ നിരത്തിയ ആരോപണങ്ങളിലെ പലതും തെറ്റാണെന്നും ഇവയൊന്നും ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് തങ്ങളുടെ വാദങ്ങള്‍ രേഖാമൂലം സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനുള്ള മറുപടിയായി ഇന്നലെ ദിലീപിന്റെ അഭിഭാഷകന് രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും.
2018 ജനുവരി 31നു വിചാരണക്കോടതി പരിസരത്തുവച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്.
വിചാരണക്കോടതിയിലേക്ക് കേസ് എത്തിയത് 2019 ലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്നു പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ല.
കേസിലെ മറ്റൊരു പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ശബ്ദരേഖയായി പറയുന്ന കാര്യങ്ങളിലെ ശബ്ദം തിരിച്ചറിഞ്ഞിട്ടില്ല.
അന്വേഷണവുമായി സഹകരിക്കാത്ത നിലപാട് ഉണ്ടായിട്ടില്ല. തെറ്റായ കാര്യങ്ങള്‍ പറഞ്ഞു കുറ്റസമ്മതം നടത്താന്‍ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചപ്പോഴാണ് സഹകരിക്കാനാവില്ലെന്നു പറഞ്ഞത്.
2021 ഒക്ടോബര്‍ 26നു ദാസൻ എന്നയാളെ ഫോണില്‍ വിളിച്ചപ്പോള്‍ തന്നെക്കുറിച്ച് ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടക്കുകയാണെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്.
എന്നാല്‍ തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസന് 2020ല്‍ പിരിഞ്ഞുപോയി. ദാസനെയും മകനെയും അന്യായമായി കസ്റ്റഡിയില്‍ വച്ചു പറയിച്ചതാകാം.
ഇതെന്നും ദിലീപ് വാദമുഖങ്ങളില്‍ പറയുന്നു. എറണാകുളം എംജി റോഡില്‍ മഞ്ജുവാര്യരുടെ ഉടമസ്ഥതയിലുള്ള മേത്തര്‍ ഫ്ളാറ്റില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന് പറയുന്നു.
എംജി റോഡില്‍ ഇങ്ങനെയൊരു ഫ്ളാറ്റില്ല. ശ്രീകണ്ഠത്ത് റോഡില്‍ മേത്തര്‍ ഡോവര്‍ കോര്‍ട്ട് അപ്പാര്ട്ട്മെന്റാണുള്ളത്.
ഇവിടെ മഞ്ജു വാര്യര്‍ക്കു ഫ്ളാറ്റില്ല. ദിലീപിന്റെ പേരില്‍ ഒരു ഫ്ളാറ്റുണ്ട്. ഇതാകാം പ്രോസിക്യൂഷന് പറയുന്നത്.
ആലുവയിലെ വ്യവസായി സലിമിന്റെ മൊഴിയെക്കുറിച്ചും ദിലീപ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. വിദേശത്തുള്ള സലിമില്നിന്നു പ്രോസിക്യൂഷന് ഇതുവരെ മൊഴിയെടുത്തിട്ടില്ല.
മൊഴി പോലും രേഖപ്പെടുത്താതെയാണ് പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സലിം നല്കിയ ഒരു പരാതി ക്രൈംബ്രാഞ്ച് ഓഫീസിലുള്ളതായി അറിവുണ്ടെന്നു ദിലീപ് വ്യക്തമാക്കുന്നു.