തിരുവനന്തപുരം: നടിയെ ആക്രമിക്കാൻ നടൻ ദിലീപ് നടത്തിയ ഗൂഡാലോചനയ്ക്ക് ഒത്താശ ചെയ്തെന്നു കണ്ടെത്തിയ നടി കാവ്യാ മാധവനെ ഇന്നു ചോദ്യം ചെയ്തതേക്കും. നടിയെ ആക്രമിച്ച പൾസർ സുനിക്കു സഹായം നൽകിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കാവ്യയെയും അമ്മയെയും ചോദ്യം ചെയ്യുന്നത്.
നിരന്തരം സാന്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയ രണ്ട് എംഎൽഎമാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സാന്പത്തിക സഹായം കൈപ്പറ്റിയ ജനപ്രതിനിധിയെക്കുറിച്ചുള്ള വിവരങ്ങൾ ദിലീപ് മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണു സൂചന. ഫോണിൽ ഇവർ നിരവധി തവണ ബന്ധപ്പെട്ടതിന്റെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ട് എംഎൽഎമാരെ ദിലീപ് നൂറോളം തവണ വിളിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ദിലീപ് ഉപയോഗിക്കുന്ന രഹസ്യ നന്പറിൽ നിന്നായിരുന്നു വിളി. ഈ വിളികൾ പോലീസ് ചോർത്തിയപ്പോഴാണു ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ഉന്നത ഇടപെടലുകൾ വ്യക്തമായത്.
പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയും ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യും.