കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി സമർപ്പിച്ചിട്ടുള്ള സമഗ്രമായ കുറ്റപത്രത്തിൽ ഗൂഢാലോചനയ്ക്കു തുടക്കം കൊച്ചിയിൽനിന്നാണെന്നു വ്യക്തമാക്കുന്നു. കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിലെ 410-ാം നന്പർ മുറിയിലാണു സുനിയും ദിലീപും ഗൂഢാലോചനയ്ക്കു തുടക്കമിടുന്നത്.
കാവ്യമാധവനുമായുള്ള തന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരെ അറിയിച്ചതും അതുവഴി വിവാഹബന്ധം തകർത്തതും ആക്രമിക്കപ്പെട്ട നടിയാണെന്നു ദിലീപ് കരുതിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണു ക്വട്ടേഷൻ നൽകാൻ താരത്തെ പ്രേരിപ്പിച്ചതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും ആദ്യമായി തമ്മിൽ കണ്ടു സംസാരിച്ചതിന്റെ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത്തരം ക്വട്ടേഷൻ ഏറ്റെടുത്തു പരിചയമുള്ളതും സിനിമാ ബന്ധങ്ങൾ ഏറെയുള്ളതുമായ പൾസർ സുനിയെ കൃത്യത്തിനായി നിയോഗിച്ചത്.
പല കേസുകളിൽപ്പെട്ടു പൾസർ സുനിക്കു ജയിലിൽ പോകേണ്ടി വന്നതിനാൽ ഏറെക്കാലം ക്വട്ടേഷൻ നടത്താൻ കഴിഞ്ഞില്ല. 2015ലാണു ക്വട്ടേഷൻ വീണ്ടും ഉറപ്പിക്കുന്നത്. ഈ വർഷം ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിലും തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷനിലും ഇരുവരും തമ്മിൽ കണ്ടു ധാരണകൾ ഉറപ്പിച്ചു. ആക്രമണത്തിനു പ്രത്യുപകാരമായി പൾസർ സുനിക്കു പലപ്പോഴായി ഒരുലക്ഷം രൂപ ദിലീപ് കൈമാറിയതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രധാനമായും ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണു പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം പോലീസ് ഉറപ്പിക്കുന്നത്. ഒരേ ടവർ ലൊക്കേഷനുകളിൽ ഇവർ നിരവധി വട്ടം ഒരുമിച്ചുണ്ടായിരുന്നതായുള്ള രേഖകൾ ഹാജരാക്കി.
ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ടു ഫോണുകൾ, പ്രതി ചേർക്കപ്പെട്ട അഭിഭാഷകനിൽനിന്നു ലഭിച്ച മെമ്മറി കാർഡ്, കാവ്യാമാധവന്റെ ഉടമസ്ഥയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയിലെയും സമീപ കടകളിലെയും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശാസ്ത്രീയ പരിശോധകൾക്ക് അയച്ചതിന്റെ റിപ്പോർട്ടുകളും പോലീസ് ഹാജരാക്കി.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പകർത്തിയ ഫോണ് കണ്ടെത്താൻ അന്വേഷണ സംഘത്തിനു സാധിക്കാത്തതു വിചാരണവേളയിൽ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടും. എന്നാൽ, ദൃശ്യങ്ങൾ പകർത്തിയ ഫോണ് കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്നു പോലീസ് കോടതിയെ അറിയിക്കും. 355 സാക്ഷ്യ മൊഴികളാണു പോലീസ് ശേഖരിച്ചിരിക്കുന്നതെങ്കിലും പ്രോസിക്യൂഷൻ എത്രപേരെ കോടതിയിൽ വിസ്തരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.