കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം തയ്യാറാക്കുന്നതായി സൂചന. കുറ്റപത്രം എത്രയും വേഗം കോടതിയിൽ സമർപ്പിച്ച് ദിലീപിന്റെ ജാമ്യം തടയുകയാണു പിന്നിലുള്ള ലക്ഷ്യമെന്നാണു വിവരം. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ.
ഗൂഢാലോചന കേസിൽ പര്യാപ്തമായ തെളിവുകൾ പോലീസിനു ലഭിച്ചുകഴിഞ്ഞതയും അന്വേഷണ സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയതായും വിവരമുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണു അന്വേഷണ സംഘം വിപുലീകരിച്ചതത്രേ. നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം പോലീസ് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം ഗൂഢാലോചന കേസിലെ കുറ്റപത്രവും സമർപ്പിക്കാനാണ് അധികൃതരുടെ നീക്കമെന്നാണു വിവരം. കഴിഞ്ഞ മാസം 10നാണ് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയ്ക്കു നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സമയമാണു പോലീസിനുള്ളത്. ഇത് ഒക്ടോബർ 11നു അവസാനിക്കും.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ തിങ്കളാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണു സൂചന. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും തുടർന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിരുന്നു. കേസന്വേഷണം പുരോഗമിക്കുന്പോൾ വേണമെങ്കിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു.