കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ അനുബന്ധ കുറ്റപത്രത്തിൽ നടൻ ദിലീപിനെതിരേ ചുമത്തിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റം തെളിഞ്ഞാൽ ലഭിക്കുക ജീവപര്യന്തം ശിക്ഷ. ഇന്ത്യൻശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 357, 376ഡി, 506, 201, 21, 34, 452 വകുപ്പുകളും ഐടി ആക്ടിലെ 66,67 വകുപ്പുമാണു ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്. എല്ലാ കുറ്റങ്ങൾക്കും പ്രത്യേകം ശിക്ഷ ലഭിച്ചാൽ 60 വർഷത്തോളം തടവ് ശിക്ഷ ലഭിക്കാമെന്നും നിയമകേന്ദ്രങ്ങൾ പറയുന്നു.
ക്രിമിനൽ ഗൂഢാലോചന, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമം, തടങ്കലിൽവയ്ക്കാനായി ബലപ്രയോഗം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, കുറ്റവാളിയെ സംരക്ഷിക്കൽ, സംഘംചേർന്നുള്ള കുറ്റകൃത്യം, പ്രകൃതിവിരുദ്ധ പീഡനം, ബലമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റകൃത്യങ്ങളാണു ദിലീപിനുമേൽ ചുമത്തിയത്. ഇതിൽ കൂട്ടബലാത്സംഗം തെളിഞ്ഞാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കും. ഗൂഢാലോചന കുറ്റം ചുമത്തിയതിനാലാണു കേസിലെ മറ്റു കുറ്റകൃത്യങ്ങളെല്ലാം ദിലീപിനും ബാധകമായത്.