കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ ദിലീപിന് കൂടുതൽ തിരിച്ചടി. കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ദിലീപിന്റെ നടപടിയിൽ കോടതി അതൃപ്തി അറിയിച്ചു. ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ ഉത്തരവിനിടെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്.
തിങ്കളാഴ്ച കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്നേദിവസം പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്യും.
എന്നാൽ കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. വിടുതൽ ഹർജിയുമായി ദിലീപ് മേൽകോടതിയെ സമീപിക്കുകയാണെന്നും അതിനാൽ 10 ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. കോടതി ഈ ആവശ്യം അംഗീകരിക്കാൻ തയാറായില്ല.
കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടെന്നും അതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി വിലയിരുത്തി.
കേസിലെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും പത്താം പ്രതി വിഷ്ണുവുമാണ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. തന്റെ ഹർജിയിലെ വിവരങ്ങൾ പുറത്തുപോകരുതെന്നും ദിലീപ് കോടതിയോട് അപേക്ഷിച്ചിരുന്നു.