കൊച്ചി/ ആലുവ: നടി ആക്രമണത്തിനിരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗം ഇന്ന്. ആലുവ പോലീസ് ക്ലബിൽ വൈകിട്ട് ചേരുന്ന യോഗത്തിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യയടക്കം പ്രത്യേക സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഗൂഢാലോചന കേസിൽ നടൻ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നതു സംബന്ധിച്ചും നടനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
ഗൂഢാലോചന എന്നത് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കേസിൽ ഒന്നാം പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചെന്നാണു ലഭിക്കുന്ന വിവരം. നിലവിൽ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സുനിൽ കുമാർ(പൾസർ സുനി) ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതെല്ലാം ഇതിനോടകം പൂർത്തിയാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റപത്രം സംബന്ധിച്ച അവസാനഘട്ട വിലയിരുത്തലും ഇന്നുണ്ടായേക്കും. ഇതിന്റെ ഭാഗമായി യോഗത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറും പങ്കെടുക്കുമെന്നാണു ലഭിക്കുന്ന വിവരം. ദിലീപിനെതിരായ കുറ്റപത്രം എന്ന് സമർപ്പിക്കണമെന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ദിലീപിനെ ഒന്നാം പ്രതിയാക്കണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെ യോഗ സ്ഥലം മാറ്റുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് താരത്തിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ.
കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാകും ദിലീപിനെതിരേ ചുമത്തുക. കുറ്റപത്രത്തോടൊപ്പം സമർപ്പിക്കാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടുകളും പോലീസ് തയാറാക്കി വരികയാണ്. ഇരുപതിലേറെ നിർണായക തെളിവുകൾക്കു പുറമെ ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമി അടക്കമുള്ള 26 പേരുടെ രഹസ്യമൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 17നാണ് ആലുവ അത്താണിക്ക് സമീപംവച്ച് സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. അന്നുതന്നെ നടിയുടെ ഡ്രൈവർ മാർട്ടിൻ കസ്റ്റഡിയിലായിരുന്നു. തുടർന്ന് സംഘാംഗങ്ങളായ വടിവാൾ സലിമും കണ്ണൂർ സ്വദേശി പ്രദീപും പിടിയിലായി. ഫെബ്രുവരി 23നു എറണാകുളത്തെ കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയും കൂട്ടാളി വിജീഷും പിടിയിലായതോടെയാണ് കേസിന്റെ ഗതി മാറിയത്. സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന സുനിയുടെ മൊഴിയെ തുടർന്നുള്ള അന്വേഷണം ഒടുവിൽ എത്തിയത് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടൻ ദിലീപിന്റെ അറസ്റ്റിലായിരുന്നു.