നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ സർക്കാർ രംഗത്ത്. കേസിന്‍റെ വിചാരണ തടസപ്പെടുത്താൻ ദിലീപ് മനപ്പൂർവം ശ്രമിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച് വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്‍റെ ശ്രമമെന്നും സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ദിലീപിന്‍റെ ആവശ്യത്തിൽ ഹൈക്കോടതി സർക്കാരിന്‍റെ അഭിപ്രായം തേടിയിരുന്നു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.

Related posts