കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും.
അതേസമയം കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.