കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് നടപടികൾ വേഗത്തിലാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതിയിൽ എത്തിയതോടെ ജാമ്യം ലഭിക്കുന്നത് ഏതു വിധേയേനെയും എതിർക്കുന്നതിനുള്ള നടപടികൾ ഇതിനകംതന്നെ പോലീസ് ആരംഭിച്ചതായാണു വിവരം. കേസ് അന്വേഷണത്തിൽ ഇതുവരെ ലഭ്യമായ തെളിവുകൾ കൂട്ടിയിണക്കുന്നതിനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കിവരുന്നതായും സൂചനയുണ്ട്.
ജിഷ വധക്കേസിൽ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽതന്നെ അന്തിമ കുറ്റപത്രവും പോലീസ് തയ്യാറാക്കിവരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും നൽകാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഹൈക്കോടതിയിൽ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ തകർത്തെറിയാൻ തക്ക തെളിവുകളുണ്ടെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. നടനു ജാമ്യം ലഭിക്കില്ലെന്ന സൂചനതന്നെയാണ് ഇവർ നൽകുന്നതും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. അന്വേഷണം ഉൗർജിതമായി മുന്നോട്ടുപോകുന്നുവെന്നു മാത്രമാണു കേസ് സംബന്ധിച്ച് പോലീസ് വ്യക്തമാക്കുന്നത്.
ഫോണ് മുഖാന്തിരം അന്വേഷണ ഉദ്യോഗസ്ഥർ പരസ്പരം കേസ് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻപോലും തയ്യാറാകുന്നില്ല. ഏതെങ്കിലും തരത്തിൽ അന്വേഷണ വിവരങ്ങൾ പുറത്തുപോകുമെന്ന ഭയമാണ് ഇതിനു കാരണം. ഫാക്സ് മുഖാന്തിരമാണു കേസ് സംബന്ധിച്ച് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നത്. അതേസമയം, തന്റെ പുതിയ അഭിഭാഷകൻ മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ദിലീപെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച സഹസംവിധായകൻ സലീം ഇന്ത്യയും ഇത്തരത്തിൽ ദിലീപ് പ്രതീക്ഷ പങ്കുവച്ചതായാണു മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ, റിമാൻഡിൽ കഴിയുന്ന ദിലീപിനെ ആലുവ സബ് ജയിലിൽ അമ്മ സരോജം സന്ദർശിച്ചു. ദിലീപിന്റെ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണു ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജും അനൂപും അമ്മയോടൊപ്പം ജയിലിലെത്തിയത്. അമ്മയും അനൂപും മാത്രമാണു ജയിലിനുള്ളിലേക്കു പോയത്. അതേസമയം, നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 18ന് കേസ് വീണ്ടും പരിഗണിക്കും. മുൻപു ദിലീപ് നൽകിയ ജാമ്യാപേക്ഷ ജൂലൈ 24ന് ഹൈക്കോടതി തള്ളിയിരുന്നു.