ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ കേസിൽ കക്ഷി ചേരാനായി പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. മെമ്മറി കാർഡ് നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും കേസിൽ തന്നെ കക്ഷി ചേർക്കണമെന്നും നടി നൽകിയ അപേക്ഷയിൽ ആവശ്യപ്പെടുന്നു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് ദിലീപിനു കൈമാറിയാൽ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. കക്ഷി ചേരുന്നതിനായി നൽകിയ അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും സുപ്രീംകോടതിക്കു കൈമാറിയിട്ടുണ്ട്. മുദ്രവച്ച കവറിൽ നൽകിയ ഈ രേഖകൾ ഇന്ന് കോടതി പരിഗണിച്ചേക്കും.
മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പരിഗണിച്ച ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരുന്നു. കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തെളിവായി പരിഗണിക്കാവുന്ന രേഖയാണോ, തൊണ്ടിമുതലാണോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം പരിഗണിച്ചാണ് വിചാരണ സ്റ്റേ ചെയ്തത്.
മെമ്മറി കാർഡ് കേസിന്റെ ഭാഗമായ തെളിവോ രേഖയോ ആണെങ്കിൽ അതിന്റെ പകർപ്പ് കൈമാറുന്ന കാര്യത്തിൽ വിചാരണ കോടതിക്കു തീരുമാനമെടുക്കാം. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറുന്നതിനു മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്കു തീരുമാനിക്കാം.
ദൃശ്യങ്ങൾ മുഴുവനായി നൽകണമോ ഭാഗികമായി നൽകണമോ, നിബന്ധനകളോടെ നൽകണമോ എന്ന കാര്യത്തിൽ വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്. അതല്ല, മെമ്മറി കാർഡ് തൊണ്ടിമുതലായി കണ്ടെത്തിയതാണെങ്കിൽ അതിലെ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാനാവില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്നും എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ തീരുമാനം പറയാവൂയെന്നും കോടതി നിർദേശിച്ചിരുന്നു.