ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് കേസിൽ പ്രതിയായ നടൻ ദിലീപിനു ലഭിക്കില്ല. ഈ ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ദൃശ്യങ്ങൾ ദിലീപിനു പരിശോധിക്കാമെന്നു സുപ്രീംകോടതി വിധിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണു വിധിയെന്നു സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദം.
മെമ്മറി കാർഡ് തെളിവിന്റെ ഭാഗമായുള്ള രേഖയാണോ തൊണ്ടിമുതലാണോയെന്നു വ്യക്തമാക്കാൻ കോടതി നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും സർക്കാർ അറിയിച്ചിരുന്നു.