ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. ഈ ആവശ്യം ഉന്നയിച്ച് നടി സുപ്രീംകോടതിയെ സമീപിച്ചു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു.
അതോടൊപ്പം, കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി കോടതിയിൽ അപേക്ഷയും നൽകി. നേരത്തെ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്.