റോബിൻ ജോർജ്
ഏറെ വാർത്താ പ്രധാന്യം നേടിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകൻ ദിലീപിന്റെ അറസ്റ്റ് ആശ്ചര്യത്തോടെയാണു സാക്ഷര കേരളം കണ്ടത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനു പങ്കുണ്ടെന്നു തുടക്കം മുതൽ ആക്ഷേപങ്ങൾ ഉയർന്നിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടും ഒരു വലിയ ജനവിഭാഗം താരം കുറ്റക്കാരനല്ലെന്നു വിശ്വസിച്ചിരുന്നു. ജനപ്രിയ നടന്റെ ജനപ്രീതിയായിരുന്നു ഇതിനു പിന്നിൽ.
എന്നാൽ, ഹൈക്കോടതിയും വിചാരണ കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം നടന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഇവരിൽ ഭൂരിഭാഗംപേരും തങ്ങളുടെ വിശ്വാസത്തിൽനിന്നും വ്യതിചലിക്കുന്ന കാഴ്ചയാണു കാണാൻ സാധിച്ചത്. ഇതിനിടെ കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ മാഡത്തെ സംബന്ധിച്ച വെളുപ്പെടുത്തലുകളും പുറത്തുവന്നു. ദിലീപ് അഞ്ചാമത് നൽകിയ ജാമ്യഹർജിയിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുള്ളത്. കേസ് അന്വേഷണത്തിൽ ഇതുവരെയുണ്ടായ പ്രധാന സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം.
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടു
2017 ഫെബ്രുവരി 17-നാണു കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നശേഷം നടി അഭയം തേടിയെത്തിയ സംവിധായകൻ ലാലിന്റെ വീട്ടിൽവച്ച് തന്നെ പോലീസ് സംഘം സുനിയുടെ മൊബൈൽ ഫോണിലേക്കു വിളിച്ചിരുന്നു. ഈ സമയം നഗരമദ്ധ്യത്തിൽ ഗിരിനഗർ ടവർ ലൊക്കേഷനു കീഴിലായിരുന്നു സുനി. എന്നാൽ, നിമിഷങ്ങൾക്കകം ഈ ഫോണ് സ്വിച്ച് ഓഫായി. സിനിമാ മേഖലയിലെ ഒരാൾ പൾസർ സുനിയെ മൊബൈൽ ഫോണ് വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ കോളിലൂടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് അറിഞ്ഞ സുനി ഉടനെ മുങ്ങി. സുനിയുടെ മൊബൈൽ ഫോണ് കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ സുപ്രധാന വിവരം ലഭിച്ചത്.
സംഭവശേഷം രണ്ടു സംഘങ്ങളായി തിരിഞ്ഞാണു പ്രതികൾ കടന്നുകളഞ്ഞത്. തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അന്വേഷണത്തിൽ സുനിയും കൂട്ടാളികളും ആലപ്പുഴ കക്കാട് എത്തിയതായി പോലീസ് കണ്ടെത്തി. ഇതേ ദിവസം, സുനിക്കും കൂട്ടാളികൾക്കും രക്ഷപ്പെടാൻ സഹായം നൽകിയ ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽനിന്നു സുനി അടുത്ത ബന്ധമുള്ള യുവാവിൽനിന്നു പണം വാങ്ങിയശേഷം കടന്നുകളഞ്ഞതായും പോലീസിന് വിവരം ലഭിച്ചു. കക്കാട് നിന്നും സുനിയും സംഘവും തലനാരിഴക്കാണു രക്ഷപ്പെട്ടത്.
സുനിയെ പിടിക്കാൻ പോലീസിന്റെ അഞ്ച് ടീമുകൾ
പൾസർ സുനിയെ പിടികൂടുന്നതിനായി പോലീസ് അഞ്ച് ടീമുകളായി തിരിഞ്ഞു. പ്രതിയെ എത്രയും വേഗത്തിൽ പിടികൂടണമെന്ന നിർദേശത്തെ തുടർന്നായിരുന്നു ഇത്. സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണെണു പോലീസിനു വിവരം ലഭിച്ചു. ബ്ലാക്മെയിലിംഗിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നു പിടിയിലായവർ മൊഴി നൽകിയിരുന്നു. സുനിയെ പിടികൂടിയാൽ മാത്രമേ ക്വട്ടേഷനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നു പുറത്തുകൊണ്ടുവരാനാകൂവെന്ന് പോലീസ് മനസിലാക്കി.
സുനിക്കായുള്ള അന്വേഷണത്തിനിടെ ഇയാളുടെ കൂട്ടാളിയായ മണികണ്ഠൻ പാലക്കാട്ട് നിന്നു പിടിയിലായി. പൾസർ സുനിയുമായി താൻ പിരിഞ്ഞുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. കേസിലെ പങ്കും സമ്മതിച്ചു. ആദ്യാവസാനം സുനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഒരു പ്രയോജനവുമില്ലാത്ത ഈ പണി എന്തിനാണെന്ന് ചോദിച്ച് തമ്മിൽ തർക്കമുണ്ടായി പിരിഞ്ഞെന്നാണു പോലീസിന് നൽകിയ മൊഴി.
ഇതിനിടെ നടിയെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണ്, വിജീഷിന്റെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകൻ മുഖേന പൾസർ സുനി ഏൽപ്പിച്ചതായി പോലീസ് അറിഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്നു പ്രതികൾ അഭിഭാഷകൻ പൗലോസിനെ കണ്ടിരുന്നു. കേസ് അന്വേഷണത്തിൽ ഒരുവിധത്തിലും തടസമുണ്ടാകരുതെന്നു കരുതിയാണ് അഭിഭാഷകൻ ഈ രേഖകൾ കോടതിയിൽ സമർപ്പിച്ചത്. ഇവ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി.
പൾസർ സുനി എത്തിയ വീട്ടിൽ പോലീസ് റെയ്ഡ്
നടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചശേഷം പൾസർ സുനി എത്തിയ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. സുഹൃത്ത് പ്രിയേഷിന്റെ പൊന്നുരുന്നിയിലുള്ള വീട്ടിലാണു റെയ്ഡ് നടന്നത്. റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തു. വീടിന്റെ മതിലിനോട് ചേർന്ന് സ്മാർട് ഫോണിന്റെ കവറും വീടിന്റെ ഉള്ളിൽനിന്നു രണ്ട് മെമ്മറി കാർഡുകളും ഒരു പെൻഡ്രൈവും കണ്ടെത്തി. ഇതിനു പുറമെ മണികണ്ഠനിൽനിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൾസർ സുനിയുടെ ഒളിസങ്കേതങ്ങളിൽ പോലീസ് വ്യാപക പരിശോധന നടത്തി. എറണാകുളം, പാലക്കാട്, അലപ്പുഴ, കൊല്ലം ജില്ലകളിലെ ഒളിസങ്കേതങ്ങളിലാണു പരിശോധിച്ചത്. കൊച്ചിയിലെ ഗുണ്ടാത്താവളങ്ങളിലും പോലീസ് തെരച്ചിൽ നടത്തി. പൾസറിനെ പിടികൂടാൻ താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ ഭാഗമാകണമെന്ന നിർദേശം വന്നു.
പൾസർ സുനി കോയന്പത്തൂർ പീലിയാട് ടവർ ലോക്കേഷനിലുണ്ടെന്ന വിവരത്തെ തുടർന്ന് ഒരു സംഘം പോലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സുനിയെ പിടികൂടാൻ അന്വേഷണ സംഘം തമിഴ്നാട് പോലീസിന്റെ സഹായവും തേടി. കൂട്ടുപ്രതി മണികണ്ഠനിൽനിന്നും സുനി കോയന്പത്തൂരുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. കോയന്പത്തൂർ കേന്ദ്രീകരിച്ച് വ്യാപക തിരിച്ചിലും അന്വേഷണ സംഘം നടത്തി.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി മാർച്ച് മൂന്നിലേക്കു മാറ്റിയതോടെ പൾസർ സുനിയും തലശേരി സ്വദേശി വിജീഷും കോടതിയിൽ കീഴടങ്ങുമെന്നു പോലീസിനു സൂചന ലഭിച്ചു. പ്രതികൾ എറണാകുളം, പെരുന്പാവൂർ, ആലുവ എന്നിവിടങ്ങളിലെ കോടതികളിൽ എവിടെയെങ്കിലും ഹാജരായേക്കുമെന്നായിരുന്നു സൂചന. ഇതോടെ കോടതി പരിസരങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
മൊബൈൽ ഫോണ് ഉപയോഗിച്ച് വാഹനത്തിൽ ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങൾ കൂട്ടുപ്രതികളെക്കൂടാതെ, കോയന്പത്തൂരിലെ ചിലരെയും സുനിൽകുമാർ കാണിച്ചതായി പോലീസ് കണ്ടെത്തി. കോയന്പത്തൂരിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്പോൾ ദൃശ്യങ്ങൾ സുനിൽ കാണിച്ചു തന്നതായി കൂട്ടുപ്രതി മണികണ്ഠൻ പോലീസിന് മൊഴി നൽകിയിരുന്നു. കോയന്പത്തൂരിലെ ചില ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനിൽകുമാർ പണത്തിനായി സമീപിച്ചപ്പോൾ, അവരിൽ ചിലരെയും ദൃശ്യങ്ങൾ കാണിച്ചതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങൾ ഈ ഫോണിൽനിന്നു മറ്റെവിടേക്കെങ്കിലും പകർത്തിയോ എന്ന് പോലീസിന് കണ്ടെത്താൻ സാധിച്ചില്ല.
നാടകീയമായി പൾസർ സുനിയുടെ അറസ്റ്റ്
നീണ്ട ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിലാണു കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയിൽ നടന്ന നാടകീയമായ രംഗങ്ങൾക്ക് ഒടുവിലായിരുന്നു സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ് പിടികൂടിയത്. കോയന്പത്തൂരിൽ നിന്നും രഹസ്യമായി എത്തിയ പൾസറും വിജേഷും കോടതി മുറിയിൽ കയറിയപ്പോഴാണു സെൻട്രൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പൾസറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ പോലീസ് ക്ലബിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിനു ശേഷം സംഭവത്തിന്റെ ഏഴാംനാൾ സുനിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പുലർച്ചെ രണ്ടരയോടെ അതീവ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. തുണികൊണ്ട് മുഖം മറിച്ചാണു സുനിയെ പോലീസ് തെളിവെടുപ്പിനെത്തിച്ചത്. സംഭവം നടന്ന ദിവസം പ്രതികൾ സഞ്ചരിച്ച പാലാരിവട്ടം, വെണ്ണല, കാക്കാനാട്, തുടങ്ങിയ ഇടങ്ങളിലെല്ലാം പോലീസ് പ്രതിയുമായി സഞ്ചരിച്ചു.
പൾസർ സുനി ഫോണ് ഉപേക്ഷിച്ചു എന്ന് മൊഴി നൽകിയ എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുളള കാനയിൽ പോലീസ് തിരച്ചിൽ നടത്തി. നടിയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നത് ഈ ഫോണിലാണെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. എന്നാൽ, ഈ ഫോണ് കണ്ടെത്താനായിട്ടില്ല. തുടർന്ന് കോയന്പത്തൂരിലും, വാഗമണ്ണിലും പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ ഇല്ലെന്നും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുളള ശ്രമായിരുന്നു എന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സുനി വെളിപ്പെടുത്തിയത്.
ദൃശ്യങ്ങൾ പകർത്തിയ ഫോണ് ഗോശ്രീപാലത്തിൽ നിന്നു കൊച്ചി കായലിലേക്ക് എറിഞ്ഞെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസും നേവിയും കായലിൽ തിരച്ചിൽ നടത്തി. നാവിക സേനയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. പക്ഷേ നിരാശയായിരുന്നു ഫലം.
കുറ്റപത്രം സമർപ്പിക്കൽ
നടിയെ ആക്രമിച്ച കേസിൽ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനി ഒന്നാം പ്രതി. നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, കണ്ണൂർ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാൾ സലീം, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർളി എന്നിവർ മറ്റു പ്രതികൾ. 375 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളെയും ഉൾപ്പെടുത്തി.
കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം നിലച്ചെന്നു നിനച്ചിരിക്കുന്പോഴാണു കേസിന്റെ ഗതി മാറ്റി പൾസർ സുനി ജയിലിൽനിന്ന് എഴുതിയ കത്ത് പുറത്തായത്. കത്തിനെ സംബന്ധിച്ച അന്വേഷണം പോലീസിനെ ആദ്യമെത്തിച്ചതു പൾസറിന്റെ സഹതടവുകാരനായ ചാലക്കുടി സ്വദേശി ജിൻസിലേക്കാണ്. ഇയാളെ ചോദ്യം ചെയ്തതോടെ കേസിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചു.
ഒരു പ്രമുഖനുവേണ്ടിയുള്ള ക്വട്ടേഷനാണെന്നു സുനി തന്നോട് പറഞ്ഞതായി ജിൻസ് പോലീസിനു മൊഴി നൽകി. പോലീസിൽ നൽകിയ മൊഴികൾ ഇയാൾ രഹസ്യമൊഴിയായും ആവർത്തിച്ചു. കത്തിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മുറുകിയതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങി. സംഭവത്തിൽ നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ആലുവ പോലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്.
ദിലീപിന്റെ അറസ്റ്റ്
ഏറെ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടർന്നു മൂന്നു ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ദിലീപ് 85 ദിവസമായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.
ഇതിനിടെ നിരവധി തവണ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടുകയും ചെയ്തു. രണ്ടു തവണവീതം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നടൻ ജാമ്യം നൽകി. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കോടതി ജാമ്യം നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 19ന് പ്രതിഭാഗം അഭിഭാഷകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതും ഇന്ന് ജാമ്യം ലഭിച്ചതും.