ആലുവ: ഹൈക്കോടതിയുടെ കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് ആരാധകർതന്നെ വിനയാകുമോയെന്ന് ആശങ്ക. ദിലീപിനെതിരെ നിയമയുദ്ധം നടത്തിവന്നിരുന്ന ആലുവയിലെ അഭിഭാഷകൻ കെ.സി. സന്തോഷിന്റെ പറവൂർ കവലയിലെ വീട്ടിൽ ആക്രമണം നടത്തിയത് ആരാധകരാണോയെന്നു പോലീസ് സംശയിക്കുന്നു. രാത്രി പത്തരയോടെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയ രണ്ടംഗ സംഘം ഗുണ്ട് പൊട്ടിച്ചും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷിടിക്കുകയായിരുന്നു.
ആക്രമണത്തിൽ സന്തോഷിന്റെ വാഹനത്തിനു കേടുപാടുകൾ സംഭവിച്ചു. കറുത്ത നിറത്തിലുള്ള കാറിലെത്തിയ സംഘമാണു ആക്രമണം നടത്തിയത്. തുടർന്ന് കാർ അമിത വേഗത്തിൽ അങ്കമാലി ഭാഗത്തേയ്ക്ക് പോയി. സംഭവസമയം, വീട്ടിൽ സന്തോഷിനൊപ്പം ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഇവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഇതേത്തുടർന്ന് നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടിയതു സംഘർഷാവസ്ഥയ്ക്കും കാരണമായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തി പരിശോധന നടത്തിയ ആലുവ ഈസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോട് പറഞ്ഞു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതി നൽകിയ ആളാണ് കെ.സി. സന്തോഷ്. നേരത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ദിലീപിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നയാളാണു സന്തോഷ്. ദിലീപിന്റെ ബിനാമിയെന്ന് അറിയപ്പെട്ടിരുന്ന ഈ അഭിഭാഷകന്റെ കൈവശമായിരുന്നു ഭൂമിയിടപാടുകളുടെ ഒട്ടുമിക്ക രേഖകളും.
പിൽക്കാലത്ത് ദിലീപുമായി തെറ്റിപ്പിരിഞ്ഞ അഭിഭാഷകൻ നടനെതിരെ നിയമയുദ്ധവുമായി രംഗത്തുവരികയായിരുന്നുവെന്നും പറയപ്പെടുന്നു. സന്തോഷും ദിലീപും ചേർന്ന് കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയിട്ടുള്ളതായാണു വിവരം. കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതോടെ സന്തോഷിനെതിരെ ആരാധകരിൽ ചിലരുടെ പ്രതിഷേധമാകാം ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്നാണു പോലീസ് നിഗമനം.