കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നത് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് പോലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി പോലീസിനോട് നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു.
കേസിൽ ശരിയായ അന്വേഷണം നടന്നില്ലെന്നും തന്നെ കുടുക്കിയെന്നുമുള്ള ദിലീപിന്റെ വാദങ്ങളെല്ലാം പോലീസ് തള്ളിക്കളഞ്ഞു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും പ്രതി പട്ടികയിൽ ചേർത്തതെന്നും അന്വേഷണ ചുമതലയുണ്ടായിരുന്ന പെരുന്പാവൂർ സിഐ കോടതിയെ അറിയിച്ചു.
കേസിന്റെ വിചാരണ ബോധപൂർവം വൈകിപ്പിക്കാനാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ നിയമപരമായി സാധിക്കില്ലെന്നും പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടും വിചാരണ നീട്ടാൻ ദിലീപ് അനാവശ്യമായി സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെ ഹർജിയിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.