റോബിന് ജോർജ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷി മൊഴികൾ ഉള്ളതായി സൂചന. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ളവർ ദിലീപിനെതിരെ അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുള്ളതായാണു വിവരം.
കേസിൽ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണു ഈ സാക്ഷി മൊഴികളെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇൗ സാക്ഷി മൊഴികൾ കൂടാതെ ദിലീപിനെതിരെ വ്യക്തമായ മറ്റുതെളിവുകളുമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കേസിൽ ഇനി പ്രത്യേകിച്ച് ആരെയും ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ, അന്വേഷണ പുരോഗതിക്കനുസരിച്ച് കാവ്യ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നും സംഘം സൂചന നൽകുന്നു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽഫോണ് കണ്ടെടുക്കാതെതന്നെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്ന അന്വേഷണ സംഘത്തിന് ബലം പകരുന്നത് ഈ സാക്ഷിമൊഴികളാണെന്നാണു സൂചന.
കേസിൽ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദിലീപിനെതിരെ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാൽതന്നെ പ്രതിഭാഗം ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും തെല്ലും ഭയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നടനെതിരെ വ്യക്തമായ തെളിവ് ഉള്ളതിനാൽ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ദിലീപിനെതിരെയുള്ള കുറ്റപത്രം ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കും.
ഇതോടെ എല്ലാ അഭ്യൂഹങ്ങൾക്കും അറുതിവരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. നടൻ ദിലീപ് അഞ്ചാം വട്ടം സമർപ്പിച്ച ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഹൈക്കോടതിയിൽ ഇന്നലെ നൽകിയ ജാമ്യാപേക്ഷയിൽ കേസിൽ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികൾക്കെതിരേ നൽകിയ ആദ്യ കുറ്റപത്രത്തിലെ ഗൂഢാലോചനയും തനിക്കെതിരേ ആരോപിക്കുന്ന ഗൂഢാലോചനയും തമ്മിൽ വൈരുധ്യം ഉണ്ടെന്നാണ് പ്രധാന ആരോപണം.
ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ല. അശ്ലീലദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണ് കണ്ടെടുക്കാൻ തുടരന്വേഷണം വേണമെന്നാണ് ആദ്യ കുറ്റപത്രത്തിൽ പറയുന്നത്. തന്നോട് വ്യക്തിവിരോധവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള ചില വ്യക്തികൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഗൂഢാലോചന നടത്തിയാണ് തന്നെ ഈ കേസിൽ കുടുക്കിയതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു.
എന്നാൽ, ഇതൊന്നും മുഖവിലയ്ക്കെടുക്കേണ്ടെന്ന നിലപാടിലാണു അന്വേഷണ സംഘം. ജാമ്യഹർജി 26നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. മുന്പ് രണ്ടു തവണയും ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചുതന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. മുന്പ് രണ്ടുതവണ അങ്കമാലി കോടിതിയെയും രണ്ടു തവണ ഹൈക്കോടതിയെയും ദിലീപ് സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതികൾ ജാമ്യം തള്ളുകയായിരുന്നു. അന്വേഷണ സംഘം മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുള്ള തെളിവുകളിൽ സാക്ഷി മൊഴികൾ ഉൾപ്പെടെയുള്ള കാര്യങ്ങളുള്ളതായാണു സൂചന.
കുറ്റപത്രം എട്ടിനുമുന്പ്; അന്വേഷണം തുടരും
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം അടുത്ത മാസം എട്ടിനുമുന്പ് നൽകിയേക്കുമെന്നു വിവരം. ദിലീപ് അറസ്റ്റിലായിട്ട് അടുത്തമാസം എട്ടിന് 90 ദിവസം പൂർത്തിയാകും.
ഇതിനുമുന്പുതന്നെ വിചാരണ കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിച്ചാലും കേസിൽ അന്വേഷണം തുടരുമെന്നാണു ലഭിക്കുന്ന വിവരം. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോണ് കെണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു കുറ്റപത്രം സമർപ്പിച്ചശേഷവും അന്വേഷം തുടരുക.
ജൂലൈ പത്തിനാണു ദിലീപ് അറസ്റ്റിലാകുന്നത്. 70 ദിവസത്തിലേറെയായി ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന താരം നാലു തവണ നൽകിയ ജാമ്യാപേക്ഷയും കോടതികൾ തള്ളിയിരുന്നു. അഞ്ചാമത് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കുകയാണ്. പോലീസ് കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ തടവുകാരനായി നടന് ജയിലിൽതന്നെ തുടരേണ്ടിവരും.