കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരേ ഗൂഢാലോചന നടന്നെന്നും ദിലീപിനു ജാമ്യം നൽകാത്തതു മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനിൽ ഹർജി. ഫെഫ്ക അംഗവും സഹസംവിധായകനുമായ സലീം ഇന്ത്യയാണു ഹർജി നൽകിയത്.
ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കൃത്രിമമായ തെളിവുകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർക്കുന്നത്. കുറ്റാരോപിതൻ എന്ന നിലയിൽ മകളും കുടുംബവുമുള്ള ഒരാൾക്കു ലഭിക്കേണ്ട മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സലിം പറഞ്ഞു.
ഫെഫ്ക അടക്കമുള്ള സംഘടനകൾ ദിലീപിനെ പുറത്താക്കിയതു താത്കാലികം മാത്രമാണെന്നും ദിലീപിനെ തിരിച്ചെടുക്കുമെന്നും സലീം അവകാശപ്പെട്ടു.