തൃശൂർ: നടൻ ദിലീപിനെ ജയിലിലിടുന്നതിനുവേണ്ടി മാത്രമാണ് പോലീസ് അന്വേഷണം അനന്തമായി നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ആലുവ റൂറൽ എസ്പി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നു കമ്മീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. ചലച്ചിത്ര പ്രവർത്തകനായ സലിം ഇന്ത്യ സമർപ്പിച്ച പരാതിയെതുടർന്നാണ് നടപടി.
ദിലീപിന്റെ ജാമ്യഹർജി എതിർക്കുന്നതു കൃത്രിമ തെളിവുണ്ടാക്കാനാണെന്നും ദിലീപിനെ നശിപ്പിക്കണം എന്നാഗ്രഹിക്കുന്ന വൻശക്തികൾ അന്വേഷണസംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പേരിൽ അന്വേഷണം നടത്തി മാനസികമായി പീഡിപ്പിക്കുകയാണ്. ദിലീപിന്റെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.