തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയും ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ആരോപിച്ച് നടൻ ദിലീപ് രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുനരന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് ദിലീപ് രണ്ടാഴ്ച മുൻപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇന്നാണ് കത്തിലെ വിവരങ്ങൾ പുറത്തുവന്നത്.
12 പേജുള്ള വിശദമായ കത്താണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നൽകിയിരുന്നത്. സംഭവം നടന്ന് കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും കൂട്ടാളികളും അറസ്റ്റിലായപ്പോൾ മുതൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമമുണ്ടായിരുന്നുവെന്നും ഇതിന്റെ വിശദാംശങ്ങൾ എല്ലാം പോലീസ് മേധാവിക്ക് തന്നെ കൈമാറിയിരുന്നുവെന്നും ദിലീപ് കത്തിൽ പറയുന്നു. ഇതിന്റെ എല്ലാം ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ട്. തനിക്കെതിരേ നിലവിലെ അന്വേഷണ സംഘം കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി നിർത്തി അന്വേഷിച്ചാൽ കേസിലെ യഥാർഥ പ്രതികൾ പുറത്തുവരുമെന്നും അല്ലെങ്കിൽ കേസ് സിബിഐക്ക് വിടാൻ സർക്കാർ തയാറാകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ തന്നെ കുടുക്കാൻ ഗൂഢനീക്കമാണ് നടന്നത്. അതിനാൽ തന്നെ യഥാർഥ പ്രതികൾ രക്ഷപെടുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തപ്പോൾ താൻ പറഞ്ഞ പല കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല. ബോധപൂർവം തന്നെ പെടുത്തുക എന്ന ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും ദിലീപ് ആരോപിക്കുന്നു.
അറസ്റ്റിലായതിന് ശേഷം ദിലീപ് നൽകിയ ജാമ്യാപേക്ഷയിലും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, മുൻ ഭാര്യ മഞ്ജു വാര്യർ, ആലുവ റൂറൽ എസ്പി എ.വി.ജോർജ്, ഐജി ബി.സന്ധ്യ എന്നിവർക്കെതിരേയെല്ലാം ജാമ്യാപേക്ഷയിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നൽകിയിരിക്കുന്നത്.