കോട്ടയം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജയിൽവാസം രണ്ടുമാസം പിന്നിടുകയാണ്. അറസ്റ്റിലായതോടെ താരത്തെ കൈവിട്ട മലയാള സിനിമ ഇന്ന് മൗനം വെടിഞ്ഞ് ദിലീപിനൊപ്പമാണെന്ന് പറയാതെ പറയുകയണ്. കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ്.
അറസ്റ്റ് നടന്ന 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് കണക്കാക്കുന്നത്. വരുന്നവരാരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല. എന്നാൽ അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷം പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ദിലീപിന്റെ ആനുകൂല്യം പറ്റിയവർ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേഷ് ജയിലിന് പുറത്തു പറഞ്ഞത്. പോലീസുകാർ ചോദ്യം ചെയ്യുമെന്നോ ഫോണ് ചോർത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാൻ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാൻ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേഷ് പരസ്യമായി പറഞ്ഞു. ഗണേഷിന്റെ വാക്കുകൾ മലയാള സിനിമയുടെയും അമ്മയുടെയും പൂർണ പിന്തുണ ദിലീപിന് ഒപ്പമാണെന്ന സൂചനയാണ് നൽകുന്നത്.
അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയിൽ നിന്നും മറ്റ് സിനിമ സംഘടനകളിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പിന്നീട് കേസിന്റെ പേരിൽ ഒറ്റപ്പെട്ടുപോയ ദിലീപിന് അനുകൂലമായി മലയാള സിനിമയിൽ നിന്നും ശബ്ദം ഉയർന്നിരുന്നില്ല. കേസിൽ മൂന്ന് തവണ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചു. മൂന്ന് തവണയും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളിയതിന് ശേഷമാണ് മലയാള സിനിമ പ്രവർത്തകർക്കിടയിൽ നിന്നും നടന് പിന്തുണ ഏറിയത്.
ജൂലൈ പത്തിനാണ് കേസിൽ ദിലീപ് അറസ്റ്റിലാകുന്നത്. ജനപ്രിയ നായകന്റെ ഓണം ജയിലിലാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം ഭാര്യയും നടിയുമായ കാവ്യാമാധവനും മകൾ മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനും ഇരുവർക്കും ഒപ്പം എത്തിയിരുന്നു. ഇവർ എത്തുന്നതിന് മുൻപ് സുഹൃത്തും സംവിധായകനുമായ നാദിർഷ ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുകയും ചെയ്തു.
ഇവരുടെ സന്ദർശനത്തിന് പിന്നാലെ ജയിലിലേക്ക് മലയാള സിനിമയിലെ പ്രമുഖരുടെ ഒഴുക്കായിരുന്നു. സംവിധായകൻ രഞ്ജിത്തും സുരേഷ് കൃഷ്ണയും ദിലീപിനെ കാണാൻ എത്തി. കലാഭവൻ ഷാജോണ്, ഏലൂർ ജോർജ്, ഹരിശ്രീ അശോകൻ എന്നിവരും പിന്നാലെ എത്തി. തിരുവോണ ദിവസം നടൻ ജയറാം ഓണക്കോടിയുമായി ജയിലിലെത്തി ദിലീപുമായി 20 മിനിറ്റോളം സംസാരിച്ചു.
എന്നാൽ ഗണേഷ്കുമാർ എത്തിയതോടെയാണ് ദിലീപിനെ കൈവിടാൻ മലയാള സിനിമ തയാറല്ലെന്ന് വ്യക്തമായത്. ഇക്കാര്യം ഗണേഷ്കുമാർ വ്യക്തമാക്കുകയും ചെയ്തു. കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റക്കാരനാണെന്ന് ആർക്കും പറയാൻ കഴിയില്ലെന്നാണ് ഗണേഷ് വ്യക്തമാക്കിയത്. ഗണേഷ് മടങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുന്പാവൂരും ജയിലിലെത്തി ദിലീപിനെ കണ്ടു. അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ദിലീപിന്റെ നേതൃത്വത്തിൽ തീയറ്റർ ഉടമകളുടെ പുതിയ സംഘടന ഫിയോക് നിലവിൽ വന്നിരുന്നു. ദിലീപായിരുന്നു സംഘടനയുടെ അമരത്ത്. എന്നാൽ അറസ്റ്റോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുന്പാവൂർ ഫിയോക് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.