അമ്മയിലെ പ്രശ്‌നങ്ങളും നടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മനസുതുറന്ന് ദിലീപ്. അടുത്ത സുഹൃത്തുക്കളോടാണ് ദിലീപ് തന്റെ ഭാഗം വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത ശത്രുത ഉണ്ടെന്നത് സിനിമാ ലോകത്ത് പരസ്യമായ കാര്യമാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം തകരാന്‍ നടിയും കാരണക്കാരിയായി എന്ന വൈരാഗ്യം ദിലീപിന് ഉണ്ടായിരുന്നുവെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും പറയുന്നുണ്ട്. ദിലീപ് നടിയുടെ സിനിമാവസരങ്ങള്‍ പലതും ഇടപെട്ട് ഒഴിവാക്കി കളഞ്ഞിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്.
നടി തന്നെ ഇക്കാര്യം പല തവണ മാധ്യമങ്ങളോടക്കം പറഞ്ഞിട്ടുള്ളതുമാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെ രാജി തീരുമാനം പ്രഖ്യാപിക്കുമ്പോഴും നടി ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
ദിലീപിനെ അമ്മയിലേക്ക് തിരിച്ച് എടുത്ത് കൊണ്ട് മാത്രമല്ല തന്റെ രാജിയെന്നും മറിച്ച് നേരത്തെ ദിലീപ് തന്റെ പല അവസരങ്ങളും തട്ടിമാറ്റിയിട്ടിയുണ്ടെന്നും നടി പറയുകയുണ്ടായി. അതേസമയം അമ്മയില്‍ അടുത്തു തന്നെ വലിയ പൊട്ടിത്തെറി നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പല അഭിനേതാക്കളും അമ്മയ്‌ക്കെതിരേ രോഷത്തിലാണെങ്കിലും പരസ്യ പ്രതികരണം നടത്തുന്നില്ലെന്നു മാത്രം.