കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ്, സഹോദരനായ അനൂപ് എന്ന പി. ശിവകുമാര്‍, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ് എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അന്വേഷണസംഘം ഉണ്ടാക്കിയ കള്ളക്കഥയാണ് കേസെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം ഡിസംബര്‍ 29 നു നിശ്ചയിച്ചിരുന്നു. ഇതിനിടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ തുടരന്വേഷണത്തിനായി പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നല്കി.
അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ട്. ഇതു മാധ്യമ വിചാരണയ്ക്കു വഴിയൊരുക്കും. പുതിയ കേസില്‍ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് തടഞ്ഞ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്തുമെന്ന് പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ക്കെതിരേ കേസെടുത്തത്.