അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ ഹർജിയിൽ കോടതി ഇന്നു വിധി പറയും. കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും. കുറ്റപത്രത്തിനൊപ്പം പോലീസ് നൽകിയ രേഖകൾ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിചാരണസമയത്തു പോലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പോലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
മൊഴിപകർപ്പുകൾ, വിവിധ പരിശോധനാ ഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളി വിവരങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ നൽകിയത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ള ഹർജികളിൽ തീർപ്പായാൽ ഇന്നുതന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയയ്ക്കാനുള്ള നടപടി അങ്കമാലി കോടതിയിൽനിന്നുണ്ടായേക്കും.