കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിൽ പരിശോധന. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കേസിലെ തെളിവുകൾ തേടിയാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണസംഘം നല്കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
51 പേജുള്ള രഹസ്യമൊഴിയാണ് കോടതിയിൽ രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ പറഞ്ഞു.