കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി.
ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥർ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്.
ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികൾക്കും ഇതിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം.
ദീലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഫീസിൽ ഹാജരായത്.
ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.