തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ് നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ മഹിളാ കോൺഗ്രസ് ഡിജിപിക്കു പരാതി നൽകി. ആക്രമിക്കപ്പെട്ട നടിയെ മോശം പരാമർശങ്ങളിലൂടെ വ്യക്തിഹത്യ ചെയ്തു. മധ്യമങ്ങളിലൂടെ പേര് വെളിപ്പെടുത്തി നടിയെ അപമാനിച്ചു എന്നിവ ചൂണ്ടിക്കാടിയാണ് പരാതി.
നടി നുണ പറയുകയാണെന്നും ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സലിം കുമാർ ഫേസ്ബുക്കിൽ എഴുതി. പ്രസ്താവന വിവാദമായതോടെ സലിം കുമാർ മാപ്പു പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ദിലീപിന്റെ പരാമർശം. പരാമർശത്തിൽ അമ്മ ജനറൽ ബോഡി യോഗത്തിനിടെ ദിലീപും മാപ്പുപറഞ്ഞു.
നടി നേരിട്ടത് കേവലം രണ്ടര മണിക്കൂർ മാത്രം നേരത്തെ പീഡനമായിരുന്നെന്നും ദിലീപ് നേരിട്ടത് നീണ്ട നാല് മാസത്തെ പീഡനമെന്നുമായിരുന്നു സജി നന്ത്യാട്ടിന്റെ പ്രസ്താവന. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിൽ ഇയാൾ പിന്നീട് മാപ്പുപറഞ്ഞു തലയൂരി.