കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.
രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്.
തീയറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു.
“ദിലീപിന്റെ വീട്ടിൽ ചായ കുടിക്കാൻ പോയതല്ല, എത്തിയത് ഫിയോക് ക്ഷണിച്ചിട്ട്’: രഞ്ജിത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപുമായി വേദി പങ്കിട്ടത് വിവാദമായതിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്.
ദിലീപിന്റെ വീട്ടിൽ ചായ കുടിക്കാൻ പോയതല്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പോയത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് അവിടെ നടന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
ചലച്ചിത്ര പ്രവർത്തകരുമായുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്.