കൊച്ചി: നടിയെ കാറിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന്റെ കൈവശമുണ്ടെന്ന് പോലീസിനു സംശയം. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികൾക്ക് നൽകിയ മറുപടിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ പരാമർശിച്ച് ദിലീപ് നിരത്തിയ വാദത്തെയാണ് പ്രോസിക്യൂഷൻ ഖണ്ഡിക്കുന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങൾ ദിലീപ് കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങൾ മനസിലാക്കാൻ അത്യാധുനിക ലാബിന്റെ സേവനം ആവശ്യമാണെന്നും പ്രോസിക്യൂഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.
അടുത്തിടെ ദിലീപ് നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങൾ പരിശോധിക്കാനാണോ എന്നും ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നതാണ് ഈ വാദങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നു കാട്ടിയാണ് നടൻ ദിലീപ് കോടതിയിൽ ഹർജി നൽകിയത്. കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും നടൻ ആവശ്യപ്പെട്ടു.