കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് തന്‍റെ വ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക് തിരിച്ചു. യാത്രയില്‍ അമ്മ സരോജം മാത്രമാണ് ദിലീപിനൊപ്പമുള്ളത്. ദുബായ് യാത്രയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇരുവരും പോയില്ല. ദിലീപിന്‍റെയും സുഹൃത്ത് നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്‍റെ ഉദ്ഘാടനത്തിനായാണു ദിലീപും അമ്മയും ദുബായിലെത്തുന്നത്.
കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യവ്യവസ്ഥ പ്രകാരം ദിലീപ് തന്‍റെ പാസ്‌പോര്‍ട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവംബര്‍ 29നു ദുബായിലെ കാരാമയില്‍ തന്‍റെ ഹോട്ടലിന്‍റെ ഉദ്ഘാടനമാണെന്നും ഇതില്‍ പങ്കെടുക്കാന്‍ വിദേശത്തേക്കു പോകുന്നതിനു പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി പ്രകാരം ആറു ദിവസത്തേക്കാണു പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.45 ഓടെ അഭിഭാഷകനൊപ്പം അങ്കമാലി കോടതിയിലെത്തി നടന്‍ പാസ്‌പോര്‍ട്ട് കൈപ്പറ്റി. അര മണിക്കൂറോളം കോടതിയില്‍ ചെലവഴിച്ച താരം പുറത്തിറങ്ങവേ യാത്ര സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല. ഇന്നു ദുബായിലെത്തുന്ന താരം ബുധനാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം 30നു തിരികെയെത്തുമെന്നാണു ലഭിക്കുന്ന വിവരം.