കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഇപ്പോള്‍ മാധ്യമങ്ങളുടെ മുമ്പില്‍ നിന്ന്, പ്രത്യേകിച്ച് അവരുടെ ചോദ്യങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേസ് വലിയ ചര്‍ച്ചയായ സമയത്ത് മാധ്യമങ്ങളിലൂടെ തന്നെക്കുറിച്ച് കണ്ടതും കേട്ടതുമാവാം അതിന് കാരണം. എത്ര തന്നെ ശ്രമിച്ചിട്ടും ദിലീപില്‍ നിന്ന് ഒന്നും ലഭിക്കാത്തതിന്റെ വിഷമമാണ് പല മാധ്യമപ്രവര്‍ത്തകര്‍ക്കും. റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബായിലേയ്ക്ക് പോകുന്ന ദിലീപിനോട് ആവര്‍ത്തിച്ച് പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് അവര്‍ക്ക് ഒന്നു കിട്ടിയില്ല. വീണ്ടും കുത്തികുത്തി ചോദിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദുബായിയിലെ ദേ പുട്ടിന്റെ ബ്രാഞ്ച് ഉദ്ഘാടനത്തിന് പോയപ്പോള്‍ ദിലീപ് അമ്മയെ മാത്രമാണ് ഒപ്പം കൂട്ടിയത്. ദുബൈ യാത്രയില്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യ മാധവനും ഉണ്ടാവും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയങ്ങളുയര്‍ന്നു. ദുബായിലേക്ക് പോകാന്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്രേ, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിയിലും ഞങ്ങളുടെ ആളുണ്ട്.
അതുകേട്ട ദിലീപ് പ്രതികരിക്കാന്‍ തയാറായി. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു. ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല’. ഇത്രയും പറഞ്ഞശേഷം ദിലീപ് അമ്മയേയും കൂട്ടി നടന്നു പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിവാഹ വാര്‍ഷിക ആശംസ അറിയിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട എന്നായിരുന്നു കാവ്യയുടെ മറുപടി.