നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് ദിലീപിന് വന്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി പടമെടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുന്നുവെന്നാണ് വിവരം. ജാമ്യത്തിലിറങ്ങിയതോടെ അണിയറയിലുള്ള ദിലീപ് ചിത്രങ്ങള്‍ക്കു വീണ്ടും ജീവന്‍വയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ‘കമ്മാരസംഭവ’ മുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് ദിലീപിനെ ആശങ്കപ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകരുള്‍പ്പെടെ അടുത്തസുഹൃത്തുക്കളുമായി ദിലീപ് ആശങ്ക പങ്കുവച്ചതായി സൂചനയുണ്ട്. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് വന്‍ വരവേല്‍പ്പ് കിട്ടിയത് അനുകൂലമാകുമെന്ന പ്രതീക്ഷ നല്‍കി. പക്ഷേ പുതിയ പ്രോജക്ടുകളൊന്നും ദിലീപിനെ തേടിയെത്തുന്നില്ല. കുറ്റമുക്തനായ ശേഷം ദിലീപിനെ വച്ചുള്ള ചിത്രങ്ങള്‍ മതിയെന്ന നിലപാടിലാണു നിര്‍മാതാക്കള്‍. ദിലീപ് ചിത്രങ്ങള്‍ക്ക് 56 കോടി രൂപയാണു ശരാശരി ചെലവ്.
ഷൂട്ടിംഗ് മുടങ്ങിപ്പോയ കമ്മാരസംഭവത്തിന്റെ ലൊക്കേഷനില്‍ ദിലീപ് തിരിച്ചെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പരസ്യ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചെങ്കിലും രണ്ടാമത്തെ ഷെഡ്യൂളിലുള്ള ദിലീപിന്റെ സീനുകള്‍ ആയിട്ടില്ല. മുരളി ഗോപി തിരക്കഥ എഴുതി ഗോകുല മൂവീസ് നിര്‍മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ്ബജറ്റാണ്. 20 കോടി രൂപ ചെലവുള്ള സിനിമയുടെ ഭൂരിഭാഗവും നേരത്തെ ചിത്രീകരിച്ചു.
മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങ് ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു ദിലീപ് അറസ്റ്റിലായത്. ഇനിയുള്ള ഭാഗം ചൈന്നെയിലാണു ചിത്രീകരിക്കേണ്ടത്. ദിലീപ് പലരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നമിത പ്രമോദാണു നായിക. സിദ്ധാര്‍ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളാണു ചിത്രീകരിക്കാനുള്ളത്. കരാറായ ചിത്രങ്ങളില്‍ പ്രമുഖമായ ഡിങ്കന്റെ ഷൂട്ടിങും നടക്കാനുണ്ട്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. പാസ്‌പോര്‍ട്ട് വാങ്ങാന്‍ ഇന്നലെ കോടതിയിലെത്തിയപ്പോഴാണു ദിലീപ് ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനോടു ഡിസംബര്‍ ഒന്നിനു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതു വിവാദമായിരുന്നു.