നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന നടന് ദിലീപിനെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ കുടുക്കി പോലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പുതിയ ചോദ്യം ചെയ്യലില്‍ ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് താന്‍ കരുതിയില്ലെന്നും ദിലീപ് മൊഴി നല്‍കിയതായാണ് സൂചന.
നടിയുടെ നഗ്നചിത്രങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനെ ധരിപ്പിക്കുകയും ചെയ്തു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
മാത്രമല്ല എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്നും സുനി താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന രീതിയില്‍ ഇരുവരും ധാരണ ഉണ്ടാക്കിയിരുന്നുവെന്നും നടി പരാതി നല്‍കില്ല എന്ന വിശ്വാസത്തിലാണ് പദ്ധതി തയാറാക്കിയതെന്നും വിവരം ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു.
ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണിപ്പോള് പുറത്തുവന്നത്. നേരത്തെയുള്ള ചോദ്യം ചെയ്യലിലെല്ലാം പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദിലീപ് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ മൗനം പാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിലൂടെ താരം നിര്‍ണ്ണായകമായ മറുപടികള്‍ നല്‍കിയതായാണ് വിവരം.