തങ്ങളുടെ ആരാധാനാപാത്രങ്ങള്ക്കുവേണ്ടി ഏത് തരത്തിലുള്ള ത്യാഗങ്ങള്‍ സഹിക്കാനും തയാറായി നടക്കുന്നവരുണ്ട്. സ്വന്തം കുടുംബത്തിനുവേണ്ടി ഒന്നും ചെയ്തില്ലെങ്കിലും തങ്ങള്‍ ആരാധിക്കുന്നവര്ക്കുവേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവരാണിവരില് പലരും. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്ത ഇതാണ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന് ദിലീപിന് ജാമ്യം ലഭിക്കാന്‍ ആരാധകന്റെ വക വഴിപാട്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലാണ് വഴിപാട് നേര്‍ന്നത്.
വഴിപാട് നടത്തിയതിന്റെ ബില്ലും സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ പറന്നു നടക്കുകയാണ്. ദിലീപിന്റെ ഏതോ കടുത്ത ആരാധകനാണ് ഈ വഴിപാട് നടത്തിയതെന്ന് വ്യക്തം. അടുക്കും കലശവും (കള്ളും)ആയിരുന്നു നേര്‍ച്ചയെന്നും 70 രൂപ നല്കി രസീതും വാങ്ങിയാണ് ജനപ്രിയനായകന്റെ ആരാധകന് മടങ്ങിയതെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കി. വെള്ളിയാഴ്ചത്തേതുകൂടിയാവുമ്പോള് നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്.