കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നു സൂചന. അന്വേഷണസംഘത്തോട് അടുത്തവൃത്തങ്ങളാണ് ഈ സൂചന നൽകിയത്. കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.
ആകെ 11 പ്രതികളാണ് കേസിലുള്ളത്. നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഡാലോചനക്കേസിൽ ദിലീപും കൃത്യം നടപ്പാക്കിയ പൾസർ സുനിയും മാത്രമാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരുൾപ്പെടെ 300ൽ അധികം സാക്ഷികളെ അന്വേഷണസംഘം കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 450ൽ അധികം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമർശപ്പിക്കുമെന്നാണു സൂചന.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെ എതിർക്കാനും അന്വേഷണസംഘം തീരുമാനിച്ചു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടൽ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. കേസിൽ ജാമ്യത്തിനുള്ള ഉപാധിയായി പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.