കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ പരിശോധിച്ചു. വിചാരണക്കോടതി ജഡ്ജിയുടെയും സാങ്കേതിക വിദഗ്ധരുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ദിലീപ് കോടതിയിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചത്. ഉച്ചയ്ക്കുമുന്പ് മറ്റു പ്രതികളായ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാറിന്റെ അഭിഭാഷകൻ എന്നിവരെ ദൃശ്യങ്ങൾ കാണിച്ചു.
മറ്റു പ്രതികൾക്കൊപ്പമല്ലാതെ തനിക്കു മാത്രമായി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചതിനെത്തുടർന്നാണ് ഉച്ചയ്ക്കുശേഷം എത്തി ദിലീപ് ദൃശ്യങ്ങൾ കണ്ടത്. അടച്ചിട്ട കോടതിമുറിയിൽ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ കാണിച്ചത്. കർശന പരിശോധനയ്ക്കുശേഷമാണ് എല്ലാവരെയും കോടതിമുറിക്കുള്ളിൽ പ്രവേശിപ്പിച്ചത്. 2017 ഫെബ്രുവരി 17 നാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നത്.