തൃശൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് സിനിമയായ “ജോർജേട്ടൻസ് പൂരം’ ഷൂട്ട് ചെയ്ത തൃശൂരിലെ ലൊക്കേഷനിൽ പോലീസ് പരിശോധന നടത്തി. പുഴയ്ക്കലിലെ കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയിലായിരു ന്നു പരിശോധന. ദിലീപും പൾസർ സുനിയും ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെന്നു സൂചന നൽകി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ലഭ്യമായ സാഹചര്യത്തിലാണ് തെളിവെടുപ്പ്. അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട കളമശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയത് ഇവിടെവച്ചാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ക്ലബ്ബിലെ ജീവനക്കാരിൽനിന്നു വീണ്ടും വിശദാംശങ്ങൾ തേടി. ഇതോടൊപ്പം ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 2016 നവംബറിൽ ഷൂട്ടിംഗിനിടെ ദിലീപിനെ ചെന്നുകണ്ടിരുന്നുവെന്നു പൾസർ സുനി പോലീസിനു മൊഴിനല്‍കിയിരുന്നു.
പൾസർ സുനിയെ അറിയില്ലെന്നും ഇതുവരെയും കണ്ടിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ മൊഴി. പുറത്തുവന്ന ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ചു സ്ഥിരീകരണമില്ല. ഇത് ഉറപ്പുവരുത്തലായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഒപ്പം ദിലീപിന്റെ സിനിമകളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള സിനിമകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സുനി ജയിലിൽനിന്നും എഴുതിയതെന്നു പറയപ്പെടുന്ന കത്തിൽ ഈ സിനിമകൾ വരെയുള്ള കാര്യങ്ങളൊന്നും താൻ ആരോടും പറഞ്ഞിട്ടില്ലെന്നു സൂചിപ്പിച്ചിരുന്നു.
സുനി നിരന്തരം വിളിച്ച നാലു നന്പറുകളിൽ ഒന്ന് ദിലീപിന്റേതാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.
നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുന്‍പുവരെയുള്ള കോളുകളാണ് പരിശോധിച്ചത്. ഇതിൽ മൂന്നെണ്ണം ദിലീപ്, നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരുടേതാണെന്നാണ് സൂചനകൾ. തൃശൂരിൽ ദിലീപുമായി ബന്ധമുള്ള ചിലരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോണ്‍ കോൾലിസ്റ്റ് അനുസരിച്ചാണ് നിരീക്ഷണം.