കൊച്ചി: തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷിക വേളയില്‍ ദുബായിലെ ‘ദേ പുട്ട്’ ഉദ്ഘാടനം കിടിലനാക്കാനുറച്ച് ദിലീപ്. ജനപ്രിയതാരത്തിനൊപ്പം ഭാര്യ കാവ്യയും മീനാക്ഷിയും ദുബായിലേക്ക് പറക്കും. ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നു തുറക്കുന്ന ”ദേ പുട്ട്” റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം തട്ടുപൊളിപ്പനാക്കാനാണ്് തീരുമാനം.ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട്ട് ഇവര്‍ ഉദ്ഘാടനം ചെയ്ത ”ദേ പുട്ട്” മികച്ച വിജയമായതിനാലാണ് ദുബായിലെ ഔട്ട്‌ലെറ്റിനും അവരെത്തന്നെ ഉദ്ഘാടകയാക്കിയത്. ഇരുവരും മിമിക്രിക്കാലംമുതല്‍ ഒരേ കുടുംബം പോലെയാണു കഴിഞ്ഞിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി നാദിര്‍ഷയുടെ വീട്ടില്‍ താമസിച്ചാണു സ്‌കൂളില്‍ പോയിരുന്നത്. 29നാണ് ദുബായിലെ ചടങ്ങ്. ഇതിന് ഒരു ദിവസം മുമ്പ് കാവ്യയും മകള്‍ മീനാക്ഷിക്കുമൊപ്പം ദിലീപ് ദുബായിലേക്ക്. കഴിഞ്ഞ നവംബര്‍ 25നായിരുന്നു ഏവരെയും ഞെട്ടിച്ച കാവ്യ-ദിലീപ് വിവാഹം.ഇതിന് ശേഷമാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാകുന്നതും ദിലീപ് പ്രതിയാകുന്നതും. ദിലീപിന്റെ ജയില്‍ വാസത്തിനിടെയായിരുന്നു കാവ്യയുടെ പിറന്നാളെത്തിയത്. ഇപ്പോള്‍ ജയില്‍ മോചിതനായെങ്കിലും കുറ്റപത്രത്തിന്റെ ചര്‍ച്ചകള്‍ സജീവമാണ്. അതുകൊണ്ട് തന്നെ വലിയൊരു ആഘോഷത്തിന് ദിലീപും കാവ്യയും മുതിര്‍ന്നില്ല.
ഫാന്‍സുകാരും വലിയ ആഘോഷത്തിനു മുതിര്‍ന്നില്ല. ഒരു വിവാഹാശംസ നേര്‍ന്നതുമാത്രമായിരുന്നു ദിലീപിന്റെ ഫാന്‍ പേജില്‍ ആകെയുണ്ടായിരുന്നത്.കേസിന്റേയും വഴക്കിന്റേയും ഇടയില്‍ ഇത്തരം ആര്‍ഭാടം വേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഇതുണ്ടായാല്‍ ദുബായിലേക്കുള്ള യാത്ര പോലും മുടക്കാന്‍ പൊലീസ് ന്യായവാദങ്ങള്‍ കണ്ടെത്തുമെന്നായിരുന്നു ദിലീപിന്റെ നിലപാട്. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വകാര്യമായി ആഘോഷം ഒതുക്കി. യാത്രയ്ക്കുള്ള തയ്യാറെടുപ്പെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.
27ന് അങ്കമാലി കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റും. എങ്കിലും യാത്ര മുടക്കാന്‍ പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റുമെന്നുറപ്പാണ്. ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്ന കാരണമാണ് പോലീസ് നിരത്തുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശവും തേടിയിട്ടുണ്ട്.
ദുബായ് യാത്രയ്ക്ക് ദിലീപിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടിയെടുക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ചാകും നടപടി. ഇത് ദിലീപിനും അറിയാം. പക്ഷെ യാത്രാനുമതി നല്‍കിയത് ഹൈക്കോടതിയായതിനാല്‍ യാത്രയ്ക്ക് തടസമുണ്ടാകാനിടയില്ലയെന്നാണ് ദിലീപിന്റെ പ്രതീക്ഷ.
കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ അതിവേഗം വിചാരണ തുടങ്ങുമെന്നും ദിലീപിന് അറിയാം. അതുകൊണ്ട് തന്നെ കമ്മാരസംഭവമെന്ന സിനിമ പൂര്‍ത്തിയാക്കി കാത്തിരിക്കാനാണ് ദിലീപിന്റെ തീരുമാനം. അതിനിടെ പൊലീസിന് ദിലീപിന്റെ ദുബായ് യാത്രയില്‍ സംശയങ്ങള്‍ ഏറെയാണ്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന സംശയവും സജീവമാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് കാണുന്നത്. കേസില്‍ അമ്പതോളം സാക്ഷികള്‍ സിനിമാമേഖലയിലുള്ളവരാണെങ്കിലും ഇവരില്‍ എത്ര പേരെ വിശ്വസിക്കാമെന്ന് പോലീസിന് യാതൊരു ഉറപ്പുമില്ല. ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണു പൊലീസിന്റെ ആരോപണം. മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാനനിമിഷം പിന്മാറി. ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണു പൊലീസ് പറയുന്നത്. തുടര്‍ന്നാണു ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കേണ്ടിവന്നത്. വേണ്ടിവന്നാല്‍ വിചാരണയ്ക്കിടെ ഒമ്പതാം പ്രതി മേസ്തിരി സുനിലിനെയും മാപ്പുസാക്ഷിയാക്കും. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാളും പിന്നീട് മൊഴിമാറ്റി.
ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദുബായ് യാത്രയ്ക്കിടെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പൊലീസ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ദുബായിലും ഗൂഢാലോചന നടന്നിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിംകാര്‍ഡും മെമ്മറികാര്‍ഡും ദുബായിലേക്കു കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നു. ദിലീപിന്റെ എല്ലാ നീക്കങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട ചിലരെ കാണാന്‍ വേണ്ടിയാണ് ഈ ദുബായ് യാത്രയെന്ന് പോലീസ് സംശയിക്കുന്നു.