മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ളവരാണ് ദിലീപ്- ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം കണ്ട് മലയാളികള്‍ ചിരിച്ച് മറിഞ്ഞിട്ടുമുണ്ട്. ആ അഭിനയ ജോഡിയില്‍ ഒരാള്‍ ഇപ്പോള്‍ സംവിധാനത്തിലേയ്ക്കാണ് കാലെടുത്ത് വച്ചിരിക്കുന്നത്. ഹരിശ്രീ അശോകന്‍ തന്നെ. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തുവരുന്ന ചിത്രത്തിന്റെ പൂജാവേളയില്‍ ദിലീപും ആശംസകളര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി. ദിലീപിന്റെ ആ വാക്കുകളാണിപ്പോള്‍ സിനിമാസ്വാദകരുടെയിടയില്‍ വൈറലായിരിക്കുന്നത്. ദിലീപിന്റെ വാക്കുകളിങ്ങനെ…
‘കോളജില്‍ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനില്‍ മിമിക്രി ആര്‍ടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാന്‍ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകന്‍ എന്ന കലാകാരനെക്കുറിച്ച്. അടുത്ത് അറിയില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവില്‍ അത്ഭുതപ്പെട്ടുപോയി.’
‘അങ്ങനെ ഒരുദിവസം അശോകന്‍ ചേട്ടന് എന്റെ വീട്ടില്‍ വന്നു. എന്നെക്കുറിച്ച് ജോര്‍ജും സന്തോഷും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകന്‍ ചേട്ടന്‍ ചോദിച്ചു. സത്യത്തില്‍ എന്റെ കലാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയില്‍ പിന്നീട് നാലരവര്‍ഷം. ജീവിതത്തില്‍ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തില്‍ അവതാളത്തില്‍ പൊയ്ക്കൊണ്ടിരുന്ന എന്നെ താളത്തില്‍ ജീവിക്കാന്‍ പഠിപ്പിച്ചത് അശോകന്‍ ചേട്ടനാണ്. അശോകന്‍ ചേട്ടന് എന്റെ ജീവിതത്തില്‍ ഒരുപാട് സ്ഥാനങ്ങളുണ്ട്.’
‘സംവിധാനം പഠിക്കാന്‍ പോയത് ഞാനാണെങ്കിലും എന്റെ സുഹൃത്തുക്കളും സഹോദരസ്ഥാനത്തുള്ളവരൊക്കെയാണ് സംവിധായകരാകുന്നത്. വലിയ സന്തോഷം. അശോകന്‍ ചേട്ടനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. കൂടെ അഭിനയിക്കുമ്പോള്‍ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകന്‍ ചേട്ടന്‍. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.’-ദിലീപ് പറഞ്ഞു.
മേജര്‍ രവി, ജോഷി, ടിനി ടോം, നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍, കുഞ്ചന്‍, അബു സലിം തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പൂജയ്ക്ക് എത്തിയിരുന്നു. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം സംവിധായകന്‍ ജോഷിയാണ് നിര്‍വഹിച്ചത്.