കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ വിശദീകരണം ആവശ്യപ്പെട്ട് കോടതി അപേക്ഷ പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു.
അടുത്ത വെള്ളിയാഴ്ച പ്രോസിക്യൂഷൻ വിശദീകരണം നൽകുമെന്നാണു വിവരം. നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഡാലോചന കേസിൽ ഒരു മാസമായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് തന്റെ പുതിയ അഭിഭാഷനായ ബി. രാമൻപിള്ള മുഖാന്തിരം ഇന്നലെയാണു ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 24നു നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ചിനു മുന്പാകെതന്നെയാണു വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഗൂഢാലോചന കേസിൽ ദിലീപിനെതിരെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളെ എതിർക്കുന്ന വാദങ്ങളാണു ഹർജിയിൽ പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. സിനിമാ വ്യവസായത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടർന്നു കെട്ടിച്ചമച്ച കേസാണിതെന്നും സിനിമാ വ്യവസായത്തിൽനിന്നു തന്നെ പുറത്താക്കാനുള്ള നീക്കമാണു പിന്നിലെന്നും ഹർജിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി ചിലർ മാസങ്ങളായി ദുഷ്ടലാക്കോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതാണു നടൻ അറസ്റ്റിലാകാൻ കാരണം. മാധ്യമങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലരാണു നീക്കങ്ങൾക്കു പുറകിൽ.
കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സംഭവവുമായി ഒരു ബന്ധവുമില്ല. തന്നെ തകർക്കാനുള്ള എളുപ്പവഴിയായി ചിലർ ഈ കേസ് ഉപയോഗിക്കുകയായിരുന്നുവെന്നും ദിലീപ് ജാമ്യഹർജിയിൽ പറയുന്നു.