കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതൽ ഹർജിയും കോടതി തള്ളിയിട്ടുണ്ട്. ഇവർക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.
തന്നെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. ക്വട്ടേഷൻ സംഘം പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങൾ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണു പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹർജി സമർപ്പിച്ചത്.
നിലവിലുള്ള കുറ്റപത്രത്തിൽ, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നു ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്.
പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്.