കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് 58-ാം ദിവസമാണ് ഇടക്കാലാശ്വാസമെന്ന നിലയിൽ ജയിലിനു പുറത്തിറങ്ങുന്നത്. അങ്കമാലി കോടതിയുടെ അനുമതിയോടെ പുറത്തിറങ്ങിയ ദിലീപിനോട് മാധ്യമപ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചെറുപുഞ്ചിരിയോടെ മുഖം തിരിച്ചു.
രാവിലെ ആലുവ സബ് ജയിലിൽനിന്നു പുറത്തെത്തി പോലീസ് ജീപ്പിൽ കയറുന്നതിനിടെയാണു നടനോട് മാധ്യമപ്രവർത്തകർ കേസ് സംബന്ധിച്ച് സംസാരിക്കാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്ന ഉപാധികളോടെയാണു പുറത്തിറങ്ങാൻ കോടതി നടന് അനുമതി നൽകിയിരുന്നത്. ഇത് നടൻ അക്ഷരംപ്രതി അനുസരിക്കുന്നതാണു കാണാൻ സാധിച്ചത്. ജയിൽനിന്നു വീട്ടിലെത്തിയ താരം പോലീസ് ജീപ്പിൽനിന്നിറങ്ങി ഒറ്റയ്ക്കു നടന്നാണു പൂമുഖത്തേയ്ക്ക് എത്തിയത്.
ഈ സമയം മുറ്റത്ത് നിരവധി ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും ആരോടും സംസാരിക്കുവാൻ തയ്യാറായില്ല. നടൻ വീട്ടിലെത്തിയ ഉടൻ ആരംഭിച്ച ചടങ്ങുകൾ ഒരു മണിക്കൂറിനകം പൂർത്തിയാക്കി. തുടർന്നുള്ള സമയം ബന്ധുക്കളോടൊപ്പം ചെലവഴിക്കാനാണു താരം തയ്യാറായത്. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച നടൻ 9.45 ഓടെ തിരികെ ജയിലിലേക്കു പുറപ്പെട്ടു. അമ്മയെയും മകളെയും ഉൾപ്പെടെ വാരിപ്പുണർന്നശേഷമാണു നടൻ വീട്ടിൽനിന്നു തിരികെ ഇറങ്ങിയത്.