നിലവില്‍ വലിയ വിവാദമായിരിക്കുന്ന, നടന് ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തിന് പിന്നില്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തൊക്കെയെന്ന് വിശദമാക്കി നടന് സിദ്ദിഖ് രംഗത്ത്. സ്വകാര്യ ന്യൂസ് ചാനലിലെ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
ദിലീപിനെ പുറത്താക്കല്‍ എന്ന നടപടി ഉണ്ടായിട്ടില്ല. പുറത്താക്കാത്ത ഒരു നടനെ എങ്ങനെ തിരിച്ചെടുക്കും? മീറ്റിങ്ങില്‍ ദിലീപിനോടുള്ള അമ്മയുടെ ഇപ്പോഴത്തെ സമീപനമെന്താണെന്ന് ഊര്‍മിളാ ഉണ്ണി ചോദിച്ചു.
രേഖാമൂലം പുറത്താക്കല്‍ നടപടി ഉണ്ടായിട്ടില്ല. ഇനിയെന്തു വേണമെന്നു ചോദിച്ചപ്പോള്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ 105 സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ദിലീപ് തുടരട്ടെ എന്ന് ഐക്യകണ്ഠേന പറയുകയാണുണ്ടായത്.
235 പേര് പങ്കെടുത്ത ഒരു ജനറല്‍ ബോഡിയില്‍ ആ സംഘടനയിലെ ഭൂരിപക്ഷാഭിപ്രായം തങ്ങള്‍ മാനിക്കേണ്ടതുണ്ട്. പുറത്താക്കണം എന്ന് തീരുമാനിച്ചത് അഞ്ചോ ആറോ പേര് ചേര്‍ന്നു മാത്രമാണ്. ഇപ്പോള്‍ 235 പേര് ചേര്‍ന്നാണ് ആ തീരുമാനം മരവിപ്പിക്കണം എന്നു പറഞ്ഞത്. അന്നുണ്ടായത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു.
ജനങ്ങളുടെ ഈ പ്രതിഷേധമൊക്കെ തങ്ങളോട് സ്നേഹമുള്ളതു കൊണ്ടാണ്. ഇണക്കമുള്ളിടത്തേ പിണക്കമുണ്ടാകൂ. മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അതില്‍ മോഹന്‍ലാലിന് വിഷമമുണ്ടാകില്ല.
ലാലിനെ തനിക്ക് നന്നായറിയാം. ഇതുകേട്ട് വിഷമിക്കുന്നത് മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന നമ്മളാണ്. പുറത്താക്കാതിരുന്നിട്ടും പുറത്താക്കി എന്നു പറഞ്ഞ് എല്ലാവരെയും വഞ്ചിക്കുകയായിരുന്നില്ലേ എന്ന ചോദ്യത്തിന് നടപടിക്രമങ്ങളനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു സംഘടനയല്ല അമ്മ എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്.
തങ്ങള്‍ അഭിനേതാക്കളാണ്, വളരെ സാധാരണക്കാരാണ്. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത്. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്തായിരിക്കാം ആ 4 നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചത്. ഇരുകൂട്ടരും ചര്‍ച്ച നടത്തുമ്പോള്‍ ചിലപ്പോള്‍ ഇപ്പോഴത്തെ അഭിപ്രായങ്ങള്‍ മാറിയേക്കാം എന്നും സിദ്ദിഖ് പറഞ്ഞു.
പൊതുജനങ്ങളുടെ ഇപ്പോഴത്തെ ധാരണയിലും മാറ്റമുണ്ടായേക്കാം. ദിലീപിനോടൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറഞ്ഞു, പിന്നീട് ആ അഭിപ്രായം മാറ്റിപ്പറഞ്ഞില്ലേ എന്നും സിദ്ദിഖ് ചോദിച്ചു.
രാജി വെച്ചവര്‍ തങ്ങള്‍ക്ക് അന്യരല്ല. അമ്മ എത്രയോ പേര്‍ക്ക് പെന്ഷന് കൊടുക്കുന്ന സംഘടനയാണ്? എത്രയോ പേരുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നുണ്ട്? ഈയൊരു പ്രശ്നത്തിന്റെ പേരില്‍ തങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. എല്ലാ മാധ്യമങ്ങളും തങ്ങളെ കടന്നാക്രമിക്കുകയായിരുന്നു.
ഒന്നും പറയാനുള്ള അവസരം പോലും തങ്ങള്‍ക്കു തന്നില്ല. പറയാനുള്ള അവസരം കിട്ടാതെ തങ്ങള്‍ വിഷമിച്ചു. അതിലൊക്കെ ഒരുപാട് വേദനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എന്നും ഉണ്ടാകുമെന്നും സിദ്ദിഖ് വ്യക്തമാക്കി.