കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടിയത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ദിലീനെ കോടതിയിൽ ഹാജരാക്കിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജൂലെെ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. ആലുവ പോലീസ് ക്ലബിലെത്തിച്ചാണ് ദിലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 11 അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്ന് റിമാൻഡ് കാലാവധി അവസാനിക്കവേയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. റിമാൻഡ് കാലാവധി നീട്ടിയതോടെ ആലുവ സബ് ജയിലിൽ തന്നെ ദിലീപിനു തുടരേണ്ടിവരും.
ഗൂഢാലോചനക്കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. കേസിലെ സൂത്രധാരനാണു ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം ശരിവച്ചാണു ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചത്. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.