കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം. ദേശീയതലത്തിൽതന്നെ ഏറെ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റുചെയ്തത്.
മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടർന്നു മൂന്നു ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ഇതിനിടെ മൂന്നു തവണ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടുകയും ചെയ്തു. മുന്പ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിൽ പുതിയ അഭിഭാഷകൻ ബി. രാമൻപിള്ള മുഖേന ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ദിലീപ്.
ജാമ്യാപേക്ഷ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നതായും ഇതു പൂർത്തിയാകുന്ന പക്ഷം അപേക്ഷ ഇന്നു തന്നെ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ദിലീപിന്റെ മുൻ അഭിഭാഷകനായിരുന്ന കെ. രാംകുമാർ മുഖാന്തിരം നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചിനു മുന്പാകെയാണു വീണ്ടും അപേക്ഷ സമർപ്പിക്കുക. ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞ പ്രാവശ്യം ഉന്നയിച്ച വാദങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നുമുള്ള ആവശ്യമായിരിക്കും പ്രതിഭാഗം മുഖ്യമായും കോടതിയിൽ ഉന്നയിക്കുക. അതേസമയം, ജാമ്യം എതിർക്കുന്നതിനാവശ്യമായ ശക്തമായ കാര്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആലുവ റൂറൽ എസ്.പി എവി ജോർജ് പറഞ്ഞു.
ഫെബ്രുവരി 17ന് രാത്രിയാണു നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച് ചിത്രങ്ങൾ പകർത്തിയത്. മുഖ്യപ്രതി പൾസർ സുനിയടക്കം എല്ലാവരെയും പിടികൂടാൻ സാധിച്ചെങ്കിലും പ്രധാന തൊണ്ടിമുതലായ, ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകളും മൊഴിയെടുക്കലും തുടരുകയാണെന്നും റൂറൽ എസ്പി പറഞ്ഞു. ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം തയാറാക്കുന്നതായും സൂചനയുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാണെന്നാണു വിവരം.
നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച പൾസർ സുനി ഒന്നാം പ്രതിയായി തുടരും. ഇയാൾക്കു ക്വട്ടേഷൻ നൽകിയതും ഗൂഡാലോചനയിൽ പങ്കാളിയായതിനാലുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കി പോലീസ് അനുബന്ധ കുറ്റപത്രം തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴുപേരെ പ്രതികളാക്കി പോലീസ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവരിൽ പ്രധാന പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിക്കൊടുത്ത ചാൾസ് ആന്റണി ഒഴികെ മറ്റെല്ലാവരും ആലുവ സബ്ജയിലിലും കാക്കനാട് ജില്ലാ ജയിലിലുമായി റിമാൻഡിലാണ്.