കോട്ടയം: കഴിഞ്ഞ വർഷം ഓണത്തിന് ദിലീപ് സിനിമയിലൂടെ ജയിലിലായിരുന്നുവെങ്കിൽ ഈ വർഷത്തെ ഓണം ശരിക്കും ജയിലിൽ തന്നെ. കഴിഞ്ഞ വർഷം ഓണക്കാലത്ത് തിയറ്റർ കീഴടക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ദിലീപ് ചിത്രമായ വെൽകം ടു സെൻട്രൽ ജയിൽ ആയിരുന്നു. ദിലീപ് ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രമായി പ്രധാന വേഷത്തിലെത്തിയ ചിത്രം ജയിലിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളുടെ കഥയായിരുന്നു. ബെന്നി പി നായരന്പലത്തിന്റെ തിരക്കഥയിൽ സുന്ദർദാസാണ് ചിത്രം സംവിധാനം ചെയ്തത്. നടന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഈ വർഷം ഓണം ജയിലിൽ തന്നെ.
ദീലിപ് ജയിലിലായതിനെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായ രാമലീല ഓണത്തിന് തിയറ്ററിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ സിനിമ തിയറ്ററിലെത്താനുള്ള സാധ്യതയില്ല. നവാഗതനായ അരുണ്‍കുമാർ സംവിധാനം ചെയ്ത രാമലീലയിൽ നേരിന് വേണ്ടി പൊരുതുന്ന രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ദിലീപിന്. തെറ്റിനെതിരെ സന്ധിയില്ലാതെ പൊരുതുന്ന രാമനുണ്ണിയായി ദിലീപ് എത്തുന്ന ചിത്രം തിയറ്ററിലെത്തിക്കാനുള്ള സിനിമയുടെ അണിയറ പ്രവർത്തകരുടെ നീക്കത്തിന് തിയറ്റർ ഉടമകളിൽ നിന്നടക്കം പിന്തുണ ലഭിച്ചില്ല.
ദിലീപിനെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന എതിർവികാരം സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്കും പടർന്നാൽ വലിയ നഷ്ടമുണ്ടാകുമെന്നതാണ് തിയറ്റർ ഉടമകളുടെ വിലയിരുത്തൽ. ഇതേ തുടർന്നാണ് ഇവർ സമ്മതിക്കാത്തത്.